തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ന്യൂഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല ചരിത്രവിഭാഗത്തിലെ മലയാളി പ്രഫസർ ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചു. തിങ്കളാഴ്ച ചേർന്ന സെർച് കമ്മിറ്റി യോഗം പ്രഫ. ഗോപിനാഥിെൻറ പേര് െഎകകണ്ഠ്യേന ചാൻസലർ കൂടിയായ ഗവർണർക്ക് ശിപാർശ ചെയ്യുകയായിരുന്നു. ശിപാർശ അംഗീകരിച്ച് ഗവർണർ നിയമനോത്തരവ് നൽകി.
കോഴിക്കോട് സ്വദേശിയായ പ്രഫ. ഗോപിനാഥ് ഡൽഹിയിലും ലണ്ടനിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2004 മുതൽ ഡൽഹി ജാമിഅ മില്ലിയയിൽ പ്രഫസറാണ്. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ മെംബർ സെക്രട്ടറി സ്ഥാനം വഹിച്ച ഇദ്ദേഹം കൗൺസിലിനെ ഉപയോഗിച്ച് ബി.െജ.പി സർക്കാർ വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്ന് 2015ൽ പദവി രാജിവെക്കുകയായിരുന്നു. രാജ്യത്തെ മികച്ച ചരിത്രഗ്രന്ഥത്തിന് നൽകുന്ന ബർപൂജാരി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡൽഹി ഫ്രാങ്ക് ആൻറണി പബ്ലിക് സ്കൂളിൽനിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയശേഷം ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ ബി.എ ഹോണേഴ്സ് ബിരുദം നേടി. ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി എന്നിവ നേടി. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദം നേടി. 1987ൽ സെൻറ് സ്റ്റീഫൻസ് കോളജിൽ അധ്യാപകനായി ചേർന്നു. പിന്നീട് ജാമിഅ മില്ലിയയിൽ അധ്യാപകനായി.
2004ൽ ജാമിഅയിലെ നെൽസൺ മണ്ടേല സെൻറർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്ട് റെസലൂഷെൻറ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2009 മുതൽ സർവകലാശാലയിലെ ഹിസ്റ്ററി ആൻഡ് കൾചർ പഠനവിഭാഗത്തിെൻറ മേധാവിയാണ്. രണ്ടുവർഷം ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ അക്കാദമിക് വിസിറ്റർ കൂടിയായിരുന്നു. പ്രമുഖ സാമ്പത്തിക ചരിത്രകാരൻ സവ്യസാചി ഭട്ടാചാര്യ, പ്രഫ. കെ.എൻ. പണിക്കർ എന്നിവരുടെ ശിഷ്യനാണ്. മലബാറിലെ കാർഷിബന്ധങ്ങൾ സംബന്ധിച്ച് പ്രത്യേക പഠനം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.