തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിജിലൻസ് കോടതി മുമ്പാകെ വാദിച്ച് സർക്കാർ. ലോകായുക്തയും ഹൈകോടതിയും സമാന പരാതികൾ തള്ളിയത് വൈസ് ചാൻസലർ നിയമനം നിയമപരമായിരുന്നെന്നതിന്റെ തെളിവാണെന്നും സർക്കാർ വാദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹരജിയിൽ വാദം കേൾക്കുമ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയത് അഴിമതിയാണെന്നും മുഖ്യമന്ത്രി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഗവർണർ തന്നെ വെളിപ്പെടുത്തിയിരുന്നെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആരോപിക്കുന്ന കുറ്റം നടന്നെന്ന് എങ്ങനെ കരുതാൻ കഴിയുമെന്ന് കോടതി പരാതിക്കാരനോട് ആരാഞ്ഞു. കേസ് അടുത്തമാസം 22ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.