‘വരാഹരൂപം ഞങ്ങളുടെ ഒറിജിനൽ വർക്ക്, കോടതിയിൽ കാണാം’; ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യൽ തുടരാൻ പൊലീസ്

കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനം തങ്ങളുടെ സ്വന്തം വർക്ക് തന്നെയെന്ന് ആവർത്തിച്ച് സംവിധായകൻ ഋഷഭ് ഷെട്ടി. ഗാനത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായതിനു പിന്നാലെയായിരുന്നു പ്രതികരണം. "വരാഹരൂപം ഞങ്ങളുടെ ഒറിജിനൽ കോമ്പോസിഷൻ തന്നെയാണെന്നും ബാക്കി കോടതി തീരുമാനിക്കുമെന്നും ഋഷഭ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഋഷഭ് ഷെട്ടിയെ കൂടാതെ നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിനായി എത്തിയത്. തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ 'നവരസം' ഗാനത്തിന്റെ പകർപ്പാണ് വരാഹരൂപമെന്ന് ചൂണ്ടിക്കാട്ടി മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും നൽകിയ പരാതിയിലായിരുന്നു ചോദ്യംചെയ്യൽ. ഇന്നും നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് കാന്താരയുടെ സംവിധായകനും നിർമാതാവിനും കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം. കോഴിക്കോട് ഡി.സി.പി ബൈജുവാണ് ഇവരെ ചോദ്യംചെയ്തത്. നാളെയും ഇരുവരും ഹാജരാകണം.

വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അതേസമയം പകർപ്പവകാശം ലംഘിച്ചെന്ന കേസില്‍ കാന്താരയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ സുപ്രിംകോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപമെന്ന പാട്ട് കാന്താര എന്ന സിനിമയില്‍ ഉപയോഗിച്ചതെന്ന കേസിൽ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിലെ വ്യവസ്ഥകളിലാണ് ആ പാട്ട് ഉൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹരജിയിലാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    
News Summary - Kantara actor Rishab Shetty Called in for Questioning by Kerala Police Over Plagiarism Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.