കരുവന്നൂർ ബാങ്ക്: മുൻ ഭരണസമിതിയിൽനിന്ന് ഉൾപ്പെടെ 125.84 കോടി ഈടാക്കാൻ ഉത്തരവ്

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ 25 പേരിൽനിന്ന് 125.84 കോടി രൂപ ഈടാക്കാൻ സഹകരണ വകുപ്പ് നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ റവന്യൂ റിക്കവറി നടപടികൾക്ക് ഉത്തരവിട്ടു. 20 മുൻ ഡയറക്ടർമാർ, മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവരുമടക്കം 25 പേരിൽനിന്നാണ് തുക ഈടാക്കുക.

ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ നിയമിച്ചു. തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ വഴി റിക്കവറി നടപടികള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ പണം തിരിച്ചടക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികളിലേക്കും കടക്കും. സി.പി.എം നിയന്ത്രണത്തിൽ ഭരണം നടത്തിയിരുന്ന കരുവന്നൂർ ബാങ്കിൽ 300 കോടിയില്‍പരം രൂപയുടെ അഴിമതിയാണ് നടന്നത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് ഈ വൻ തട്ടിപ്പ് നടത്തിയത്.

ജീവനക്കാരടക്കമുള്ള അഞ്ചുപേരാണ് മുഖ്യപ്രതികൾ. തട്ടിപ്പിന് സഹായം നൽകിയെന്ന് കണ്ടെത്തിയ സി.പി.എം നേതാക്കളടക്കമുള്ള 11 ഭരണസമിതി അംഗങ്ങളെയും കേസിൽ പ്രതിയാക്കിയിരുന്നു. 2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ഇ.ഡിയും അന്വേഷണം തുടങ്ങി. മുഖ്യ പ്രതികളായ അഞ്ചുപേരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. തുക പൂർണമായും കൊടുത്ത് തീർത്തിട്ടില്ലാത്തതിനാൽ നിക്ഷേപകരുടെ പ്രതിഷേധം ഇപ്പോഴുമുണ്ട്. കൺസോർട്യം രൂപവത്കരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടന്നില്ല. വായ്പ കുടിശ്ശികയും സ്വർണ പണയ ലേലവുമായി പരമാവധി തുക ബാങ്ക് തന്നെ കണ്ടെത്തുകയായിരുന്നു.

നിക്ഷേപകരുടെ തുക കൈമാറുന്നതിൽ ഹൈകോടതി ഇടപെടലുണ്ടായത് ബാങ്കിന് ആശ്വാസമാവുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ഇ.ഡി അന്വേഷണഭാഗമായി ബാങ്കിൽനിന്ന് രേഖകൾ പിടിച്ചെടുക്കുകയും ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ തുടർച്ച എന്തായെന്നതിൽ വ്യക്തതയില്ലെന്നിരിക്കെയാണ് സഹകരണ വകുപ്പ്, മുൻ ഭരണസമിതി അംഗങ്ങളിൽനിന്നടക്കം നഷ്ടം ഈടാക്കാൻ നടപടികളിലേക്ക് കടക്കുന്നത്. ഭരണസമിതി അംഗങ്ങളായിരുന്ന ടി.ആർ. ഭരതൻ, സുമതി ഗോപാലകൃഷ്ണൻ എന്നിവർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കും.

പ്രതിയുടെ പേര്, ഈടാക്കേണ്ട തുക

കെ.കെ. ദിവാകരൻ (മുൻ പ്രസിഡന്റ്) - 8,33,17,650 രൂപ

ടി.ആർ. പൗലോസ് -2,21,84,158

ഖാദർ ഹുസൈൻ -2,21,84,158

ടി.എസ്. ബൈജു -8,33,17,650

എം.ബി. ദിനേഷ് -8,33,17,650

ടി.ആർ. ഭരതൻ -8,33,17,650

മഹേഷ് കോരമ്പിൽ -2,21,84,158

വി.കെ. ലളിതൻ -8,33,17,650

ഇ.സി. ആന്റോ -2,21,84,158

കെ.വി. സുഗതൻ -8,33,17,650

അനിത വിദ്യാസാഗർ -2,21,84,158

ചന്ദ്രിക ഗോപാലകൃഷ്ണൻ -2,21,84,158

ശാലിനി -31,00,568

എൻ. നാരായണൻ -6,11,33,491

എ.എം. അസ്‍ലാം -6,11,33,491

ജോസ് ചക്രംപുള്ളി -6,1,33,491

എ.എം. ജിജോരാജ് -6,11,33,491

അമ്പിളി മഹേഷ് -6,11,33,491

സുമതി ഗോപാലകൃഷ്ണൻ -6,11,33,491

മിനി നന്ദനൻ -6,11,33,491

ടി.ആർ. സുനിൽകുമാർ (മുൻ സെക്രട്ടറി) -9,18,50,835

എം.കെ. ബിജു (മുൻ മാനേജർ) -9,91,96,574

സി.കെ. ജിൽസ് (മുൻ അക്കൗണ്ടന്റ് ) -16,11,645

എ.കെ. ബിജോയ് (മുൻ കമീഷൻ ഏജന്റ്) -16,77,055

കെ.എം. മോഹനൻ (വളം ഡിപ്പോ നടത്തിപ്പുകാരൻ) -4,449

Tags:    
News Summary - Karuvannur Bank: Ordered to recover Rs 125.84 crores including from previous management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.