കരുവാരകുണ്ട് (മലപ്പുറം): മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം പിന്തുണയോടെ പാസായി. പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർക്കെതിരെ കോൺഗ്രസിലെ വി. ആബിദലി അവതരിപ്പിച്ച പ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകൾ നേടിയാണ് പാസായത്.
വൈസ് പ്രസിഡൻറ് റോഷ്നി സുരേന്ദ്രനെതിരായ പ്രമേയം ഒമ്പതിനെതിരെ 12 വോട്ടുകളോടെയാണ് അംഗീകരിക്കപ്പെട്ടത്. ഫണ്ടുകൾ ലഭ്യമാക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രസിഡൻറ് പുലർത്തുന്ന അലംഭാവവും ഏകാധിപത്യ മനോഭാവവുമാണ് അവിശ്വാസപ്രമേയത്തിന് കാരണമായതെന്നാണ് കോൺഗ്രസ് നിലപാട്. പ്രസിഡൻറിനെതിരായ പ്രമേയാവതരണ യോഗത്തിൽ വൈകിയെത്തിയതിനാൽ സി.പി.എം സ്വതന്ത്രൻ മഠത്തിൽ ലത്തീഫിന് റിട്ടേണിങ് ഓഫിസർ പ്രവേശനം നിഷേധിച്ചു. ലീഗ് ഭരണത്തിനെതിരെ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും പിന്തുണക്കുമെന്ന് സി.പി.എം നിലപാടെടുത്തതിനാൽ പ്രമേയം പാസാകുമെന്നുറപ്പായിരുന്നു. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെ തെരഞ്ഞെടുക്കാൻ 15 ദിവസത്തിനകം ബോർഡ് യോഗം വിളിക്കും.
അതുവരെ പ്രസിഡൻറിെൻറ ചുമതല വികസന സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലിക്കാണ്. 21 അംഗ ബോർഡിൽ മുസ്ലിം ലീഗ് --ഒമ്പത്, കോൺഗ്രസ്- സ്വതന്ത്ര ഉൾപ്പെടെ -ഏഴ്, സി.പി.എം സ്വതന്ത്രനുൾപ്പെടെ -അഞ്ച് എന്നിങ്ങനെയാണ് അംഗബലം. കാളികാവ് ബി.ഡി.ഒ കേശവദാസായിരുന്നു റിട്ടേണിങ് ഓഫിസർ. കരുവാരകുണ്ട് എസ്.ഐ പി ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.