ശബരിമല തീർഥാടകർക്ക്​ ഭക്ഷണം കഴിക്കാൻ പള്ളിവളപ്പ്​ തുറന്നുനൽകി മഹല്ല് നിവാസികൾ

കാഞ്ഞങ്ങാട്: ശബരിമല തീർഥാടകർക്ക്​ ഭക്ഷണം കഴിക്കാൻ പള്ളിവളപ്പ്​ തുറന്നുനൽകി കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാമസ്ജിദ്​ മഹല്ല്​ നിവാസികൾ. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികളാണ്​ നാടി‍ൻെറ സ്​നേഹത്തിനും സാഹോദര്യത്തിനും പുതുമാതൃക സൃഷ്​ടിച്ചത്​. പത്ത് കുട്ടികളുൾപ്പെടെ മുപ്പത് തീർഥാടകരെയാണ്​ സ്നേഹാദരവുകളോടെ തെക്കേപ്പുറം ജുമാമസ്ജിദ്​ ഭാരവാഹികൾ സ്വീകരിച്ചത്​. ശബരിമല തീർഥാടനം പൂർത്തിയാക്കി, മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് പുതുച്ചേരിയിൽ നിന്നുള്ള തീർഥാടകർ ഇടത്താവളം തേടി പള്ളി അങ്കണത്തിലെത്തിയത്. ഭക്ഷണം കഴിക്കാനൊരിടം തിരക്കിയാണ്​ തീർഥാടകർ വണ്ടിയിറങ്ങിയതെന്ന്​ മനസ്സിലാക്കിയ മഹല്ല് ഭാരവാഹികൾ വണ്ടിയിൽനിന്ന് ഭക്ഷണത്തളികയും വെള്ളം നിറച്ച പാത്രങ്ങളുമൊക്കെ പൊക്കിയെടുത്ത് പള്ളിയുടെ മുറ്റത്തെത്തിച്ചു. തുടർന്ന്​ തീർഥാടകർക്ക്​ ഭക്ഷണം വിളമ്പി. പള്ളിക്കമ്മിറ്റി ജോ. സെക്രട്ടറി അബ്​ദുൽ ശുക്കൂർ, കെ.പി. ഉമ്മർ, അസീസ് കൊളവയൽ, ആഷിർ എന്നിവർ ചേർന്നാണ്​ തീർഥാടകരെ സ്വീകരിച്ചത്. ഭക്ഷണം പാകം ചെയ്ത് കഴിക്കാനും വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ജുമാമസ്ജിദ് ഭാരവാഹികൾക്ക് കൈകൂപ്പി നന്ദി പറഞ്ഞാണ് തീർഥാടകർ മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.