ഭക്ഷ്യവിഷബാധ: പരിശോധന കാര്യക്ഷമമല്ലെന്ന്​ അന്വേഷണ റിപ്പോർട്ട്​

കാസർകോട്​: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാർഥിനി മരിച്ച സംഭവത്തിൽ എ.ഡി.എം കലക്ടർക്ക്​ അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചു. ജില്ലയിലെ ഭക്ഷ്യസ്ഥാപനങ്ങളില്‍ കാര്യക്ഷമമായ പരിശോധനയില്ലെന്ന കാര്യം ശരിവെക്കുകയാണ്​​​ അന്വേഷണ റിപ്പോർട്ടും. ഭക്ഷണത്തിലുള്ള ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്​. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറിന്​ 2022 മാര്‍ച്ച് 31 വരെയാണ് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നത്​. തുടര്‍ അനുമതിക്കായി സ്ഥാപന ഉടമ ചെറുവത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഉടമകളെയും നടത്തിപ്പുകാരെയും പ്രതികളാക്കി ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ കേസെടുത്ത്​ അന്വേഷണം നടത്തുന്നുണ്ട്​. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് ഇത്തരം കടകളിൽ പരിശോധന നടത്തുന്നതെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്​. ഹോട്ടലുകളുടെയും പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വിൽപന ചെയ്യുന്ന മറ്റു സ്ഥാപനങ്ങളുടെയും പരിശോധന സംബന്ധിച്ച് കാര്യമായ ചുമതലയുള്ളത് ഭക്ഷ്യ സുരക്ഷ വകുപ്പിലെ ജീവനക്കാര്‍ക്കാണ്. ജീവനക്കാരുള്ള എണ്ണം കുറവായതിനാൽ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നാണ്​ ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ എ.ഡി.എമ്മിന്​ നൽകിയ മൊഴി. പരിശോധനകളുടെ അഭാവമാണ്​ ഇത്തരം ദുരന്തങ്ങൾക്ക്​ കാരണമാകുന്നതെന്നും റിപ്പോർട്ടിൽ വ്യക്​തമാക്കി. എ.ഡി.എം എ.കെ. രാമേന്ദ്രന്‍ തയാറാക്കിയ റിപ്പോർട്ട്​ കഴിഞ്ഞ ദിവസമാണ്​ കലക്ടർക്ക്​ സമർപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.