കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്മകജെ, പുല്ലൂര്‍ വില്ലേജുകളില്‍ സായ് ട്രസ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയ 55 വീടുകള്‍ ഈ മാസം 30നകം കൈമാറാൻ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.
പുനരധിവാസ ഗ്രാമം പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം അടുത്ത മേയോടെ പൂര്‍ത്തിയാക്കും. പുനരധിവാസം സംബന്ധിച്ച വിവിധ പ്രശ്നങ്ങള്‍ അടിയന്തരമായി തീര്‍ക്കാന്‍ ഉദ്യോഗസ്ഥതല യോഗത്തില്‍ നിര്‍ദേശവും നല്കി.
എൻഡോസൾഫാൻ പുനരധിവാസ പദ്ധതികൾ അവലോകനം ചെയ്യാൻ തിരുവനന്തപുരത്താണ് യോഗം ചേർന്നത്.
നിലവില്‍ കുടിവെള്ളവും വൈദ്യുതിയും എത്താത്തിടത്ത് അവ എത്തിക്കാനും റോഡുകള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്സ് സ്കൂളുകള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ കേരള സാമൂഹികസുരക്ഷ മിഷനെയും കുടുംബശ്രീ മിഷനെയും ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഈ സ്കൂളുകളിലെ ജീവനക്കാരുടെ കരാര്‍ പുതുക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അടിയന്തരമായി തീര്‍പ്പാക്കും. ബഡ്സ് സ്കൂളുകള്‍ക്ക് രജിസ്ട്രേഷന് 18 വയസ്സില്‍ താഴെയുള്ള കുറഞ്ഞത് ഇരുപതു കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്സ് സ്കൂളുകള്‍ക്ക് മാത്രമായി ഇളവു നല്കാന് ശിപാര്‍ശ ചെയ്യാനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.