ഹരിത കേരളം മിഷൻ പുനരുജ്ജീവിപ്പിച്ചത് 406 കി.മീ നീർച്ചാലുകൾ
കാസർകോട്: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷൻ പുനരുജ്ജീവിപ്പിച്ചത് 406.25 കിലോമീറ്റർ നീർച്ചാലുകൾ. ഇതുകൂടാതെ 473 കുളങ്ങളുടെ നവീകരണം, 1016 പുതിയ കുളങ്ങൾ, 2666 കിണർ റീച്ചാർജിങ്, കനാൽ നവീകരണം 84, 89408 വൃഷ്ടി പ്രദേശങ്ങളുടെ നവീകരണം എന്നിവയും നടത്തി. കാസർകോട് വികസന പാക്കേജിെൻറ പദ്ധതിയിൽ അഞ്ചു പുഴകൾ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കി വരുന്ന റിങ് ചെക്ക്ഡാം വ്യത്യസ്തമായ പ്രവർത്തനമാണ്. ജില്ലയിലെ സാധാരണ മഴ ലഭ്യതയുടെ അളവ് 3587 മില്ലി മീറ്ററാണ്. ഇതു സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. കൂടാതെ 12 നദികൾ (14.42 സ്ക്വയർ കി.മീ.), 1200 കുളങ്ങൾ, 640 പള്ളങ്ങൾ, നൂറിലധികം സുരങ്കങ്ങൾ എന്നിവ കൊണ്ട് ജലസമ്പന്നമാണ് ജില്ല.
ജില്ലയിലെ മിക്ക പുഴകളിലും ഉപ്പുവെള്ളം കയറുന്നതിനാൽ നിലവിലുള്ള കൃഷിക്ക് നാശം സംഭവിക്കുന്നുണ്ട്. ഒരുപാട് സ്ഥലങ്ങൾ കൃഷി ചെയ്യാതെ ഒഴിച്ചിടുന്നു. ജില്ലയിലെ നിലവിലുള്ള ചെക്ക്ഡാമുകൾ പലതും പ്രവർത്തനക്ഷമമല്ല. പതിനാലാം പദ്ധതിയിൽ ജലസ്രോതസ്സുകളുടെ സംരക്ഷണം പരിഗണിക്കും. മിഷെൻറ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കി. ഇതിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി അതിെൻറ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ രീതിയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതവെച്ച്, പെട്ടെന്ന് ഒഴുകിപ്പോകുന്ന മഴവെള്ളം സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.
ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള, ചിത്താരി നദികളിൽ ക്വാളിഫോം ബാക്ടീരിയയുടെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണ്. ബാക്കിയുള്ള നദികൾ, നീർച്ചാലുകൾ മലിനമായി കിടക്കുന്നില്ല. വേനൽക്കാലത്ത് കുടിവെള്ളത്തിനായി ധാരാളം തുക ചെലവഴിക്കുന്നുണ്ട്. ജില്ലയിലെ നദീജലം ശാസ്ത്രീയമായ ശുദ്ധീകരണത്തിനുശേഷം കുടിക്കാനും കുളിക്കാനും ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള നൂതന സംവിധാനങ്ങളും പതിനാലാം പദ്ധതിയിൽ ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.