മൊഗ്രാൽ: വർഷത്തിൽ കോടിയോളം രൂപ വരുമാനമുണ്ടായിട്ടും സപ്തഭാഷാ സംഗമ ഭൂമിയായ കുമ്പള റെയിൽവേ സ്റ്റേഷന് അവഗണന തന്നെ. ജില്ലയിൽ നിരവധി വികസന പദ്ധതികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും കുമ്പള സ്റ്റേഷനെ പരിഗണിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. കുമ്പള റെയിൽവേ സ്റ്റേഷൻ ഈ ഗ്രേഡ് കാറ്റഗറിയിൽപെടുന്ന സ്റ്റേഷനാണ്.
അതുകൊണ്ട് തന്നെ വികസനത്തിൽ പരിഗണിക്കേണ്ട സ്റ്റേഷനുമാണ്. വികസനം നേടിയെടുക്കാൻ ശക്തമായ ജനകീയ കൂട്ടായ്മയും നേതൃത്വവും കുമ്പളയിൽ ഇല്ലാതെ പോയതാണ് തുടർച്ചയായി റെയിൽവേ സ്റ്റേഷൻ അവഗണന നേരിടുന്നതിന് കാരണമെന്ന് യാത്രക്കാർ പറയുന്നു.
40 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനെ പ്രതിമാസം അരലക്ഷം യാത്രക്കാർ ആശ്രയിക്കുന്നുണ്ട്. മംഗളൂരുവിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ, വ്യാപാര ആവശ്യങ്ങൾക്കായി പോകുന്ന വ്യാപാരികൾ, മെഡിക്കൽ കോളജ് അടക്കമുള്ള സ്പെഷാലിറ്റി ആശുപത്രികളിലേക്ക് പോകുന്ന നൂറുകണക്കിന് രോഗികൾ ഇവരൊക്കെ ആശ്രയിക്കുന്നത് കുമ്പള സ്റ്റേഷനെയാണ്.
പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തത് അടക്കം അടിസ്ഥാന വികസനത്തിലും സ്റ്റേഷൻ അവഗണന നേരിടുന്നു. റെയിൽവേ സ്റ്റേഷന്റെ സമഗ്രമായ വികസന രൂപരേഖ തയാറാക്കി മൊഗ്രാൽ ദേശീയവേദി രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം സമർപ്പിച്ചെങ്കിലും ഒന്നുപോലും പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
അടിസ്ഥാന വികസനത്തിൽ അവഗണന നേരിടുമ്പോഴും നിലവിൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ് ഉള്ളത്. പരശുറാം, മാവേലി, ബംഗ്ലളൂരു യശ്വന്ത്പൂർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും വ്യാപാരികളും സന്നദ്ധസംഘടനകളും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഓണസമ്മാനമായി അനുവദിച്ച രണ്ടാമത് ‘വന്ദേഭാരത്’ ട്രെയിനിന് കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് ദേശീയവേദി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്.എം. കരീം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.