കാസർകോട്: പട്ടികവര്‍ഗ വിഭാഗത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളായ കരിന്തളം ഇ.എം.ആര്.എസ് സ്കൂള്‍ ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലയുടെ കായികവികസനത്തിനു കുതിപ്പേകുന്ന ചുവടുവെപ്പാണ് കൂട്ടപ്പുനയില്‍ ആരംഭിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍. പട്ടിക വര്‍ഗക്കാരില്‍ നിന്നും മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയുമാണ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ ലക്ഷ്യം. കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. 2018 ലാണ് പരപ്പ ബ്ലോക്കിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഇ.എം.ആര്.എസ് സ്കൂള്‍ അനുവദിച്ചത്. തുടര്‍ന്ന് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ പത്തേക്കര്‍ റവന്യൂ ഭൂമി ഏറ്റെടുത്തിരുന്നു. സ്കൂള്‍ കെട്ടിടം, ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഗ്രൗണ്ട്, നീന്തല്‍ കുളം അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനത്തിനു ഭരണാനുമതി ലഭിക്കുകയും ചെയ്തു. നിലവില്‍ ഗ്രൗണ്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
നിലവില്‍ മടിക്കൈ കൂട്ടപ്പുനയിലെ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇരുനിലകളിലായുള്ള കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള താമസസ്ഥലം, കിച്ചണ്‍, ഭക്ഷണമുറി, രണ്ടു ക്ലാസ് മുറികള്‍, ഓഫിസ് റൂം, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചു. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചത്. സ്കൂളില്‍ അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി.
ആറാം ക്ലാസിലേക്കാണ് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. 30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം മികച്ച കായിക പരിശീലനവും നല്‍കുകയാണ് ലക്ഷ്യം. നിലവില്‍ 54 കുട്ടികള്‍ പ്രവേശനം നേടി. സ്കൂളിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ മന്ത്രി കെ. രാധാകൃഷ്ണന് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.