കാസർകോട്: കലാലയത്തിന്റെ രാഷ്ട്രീയമറിയാൻ എൽ.ഡി.എഫ് സ്ഥാനാർഥിM.V. Balakrishna മാഷ് കലാലയ മുറ്റത്തെത്തി. അധ്യാപകജീവിതത്തിന്റെ സ്മരണയിൽ വിദ്യാർഥികളോട് സംസാരിച്ചപ്പോൾ സ്നേഹോഷ്മളമായ സ്വീകരണമായിരുന്നു വിദ്യാർഥികൾ നൽകിയത്. കൊല്ലങ്കാനയിൽ ബാലകൃഷ്ണന്റെ രക്തസാക്ഷി മണ്ഡപത്തിൽ ആദരാഞ്ജലിയർപ്പിച്ച് തുടങ്ങിയ വ്യാഴാഴ്ചത്തെ മണ്ഡലപര്യടനം പ്രധാനമായും കാമ്പസുകളെ തൊട്ടറിഞ്ഞായിരുന്നു.
എടനീർ മഠത്തിലെത്തിയ സ്ഥാനാർഥിയെ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വീകരിച്ചു. പിന്നീട് ചെർക്കള സൈനബ് ബി.എഡ് സെന്ററിലെത്തി വിദ്യാർഥികളുമായി തന്റെ അധ്യാപകാനുഭവങ്ങൾ പങ്കുവെച്ചു. പ്രധാനാധ്യാപകനായതും സ്വയം വിരമിച്ച് മുഴുവൻസമയം രാഷ്ട്രീയപ്രവർത്തകനായതും അവരോട് വിശദീകരിക്കവെ വിദ്യാർഥികൾ കേൾവിക്കാരായി മാറി. വിദ്യാനഗറിലെ കണ്ണൂർ സർവകലാശാല ബി.എഡ് സെന്ററിലും കാസർകോട് ഗവ. കോളജിലും വിദ്യാനഗറിലെ ഗവ. ഐ.ടി.ഐയിലും മാഷെത്തിയപ്പോൾ വിദ്യാർഥികൾ പ്രകടനമായാണ് വരവേറ്റത്.
സ്ഥാനാർഥിയുടെ ചിത്രമുള്ള പ്ലക്കാർഡുകളും പതാകകളും ഉയർത്തി ബാലകൃഷ്ണൻ മാഷോട് പിന്തുണയർപ്പിച്ചു. പിന്നീട് സിവിൽ സ്റ്റേഷനിലും കാസർകോട് ജനറൽ ആശുപത്രിയിലുമെത്തി ജനങ്ങളോട് വോട്ടഭ്യർഥിച്ചു. ചെർക്കള മാർത്തോമ വിദ്യാലയവും തളങ്കര മാലിക് ദീനാർ പള്ളിയും സന്ദർശിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, സിജി മാത്യു, കെ.എ. മുഹമ്മദ് ഹനീഫ, ടി.എം.എ. കരീം, ബിജു ഉണ്ണിത്താൻ, അസീസ് കടപ്പുറം, വി. സുരേഷ്ബാബു, ബിപിൻരാജ് പായം, അബ്ദുറഹ്മാൻ ബാങ്കോട്, അസൈനാർ നുള്ളിപ്പാടി എന്നിവർ വോട്ടഭ്യർഥിക്കാൻ കൂടെയുണ്ടായിരുന്നു.
കാസർകോട്: നഗരത്തിലെ ജനങ്ങളെ കാണാൻ റോഡ് ഷോ നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ. തളങ്കരയിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ സഞ്ചരിച്ച് കാസർകോട് നഗരം, കറന്തക്കാട്, ഉളിയത്തടുക്ക, വിദ്യാനഗർ വഴി ചെർക്കളയിൽ റോഡ് ഷോ സമാപിച്ചു.
അകമ്പടി വാഹനങ്ങളിൽ യുവാക്കളും മറ്റും പങ്കാളികളായി. റോഡിനിരുവശത്തും സ്ഥാനാർഥിയെ കാണാൻ ജനങ്ങളെത്തിയിരുന്നു. ചെർക്കളയിലെ സമാപന പൊതുയോഗത്തിൽ വി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. എം.വി. ബാലകൃഷ്ണൻ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, കെ.എ. മുഹമ്മദ് ഹനീഫ, ടി.എം.എ. കരീം, ഷാഫി സന്തോഷ്നഗർ, അസൈനാർ നുള്ളിപ്പാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.