മ​ഹാ​ത്മാ ഗാ​ന്ധി കൈ​പ്പ​ട​യി​ലെഴു​തി​യ സ​ന്ദേ​ശം

നീലേശ്വരം: ഗാന്ധിജിയുടെ പാദസ്പർശമേറ്റ് പുളകിതമായ മണ്ണ്

നീലേശ്വരം: പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ നിരവധി മഹാന്മാർക്ക് ജന്മം നൽകിയ നാടാണ് നീലേശ്വരം. ഗായകനും കവിയുമായ വിദ്വാൻ പി. കേളുനായർ, കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി എൻ.കെ. ബാലകൃഷ്ണൻ, കെ.ആർ. കണ്ണൻ എന്നിവർക്ക് ജന്മംനൽകിയ നാട്. 1918ൽ സ്ഥാപിതമായ രാജാസ് ഹൈസ്കൂൾ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്നു. രാജാസ് മൈതാനവും സമര സമ്മേളനങ്ങളുടെ വേദിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ് പുളകിതമായ മണ്ണ് എന്ന് വിശേഷണവും നീലേശ്വരത്തിനുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1927ൽ ഒക്ടോബർ 26ന് തീവണ്ടിയിൽ മംഗലാപുരത്തേക്കുപോകുന്ന വഴിമധ്യേ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിനിന്നതാണ് ഓർമകളുടെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.

ഗാന്ധിജി എത്തുമെന്നറിഞ്ഞ് വിദ്വാൻ പി. കേളുനായർ, പ്രധാനാധ്യാപകൻ രാമകൃഷ്ണറാവു എന്നിവരുടെ നേതൃത്വത്തിൽ രാജാസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഗാന്ധിജിയെ സ്വീകരിക്കാൻ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഗാന്ധിജിയെ കാണാനും സ്വാതന്ത്ര്യസമരങ്ങൾക്ക് പിന്തുണ നൽകാനുമാണ് എല്ലാവരും എത്തിച്ചേർന്നത്. ഇതിൽ പൂർണ സംതൃപ്തനായ ഗാന്ധിജി സ്വന്തം കൈപ്പടയിൽ പുസ്തകത്തിൽ സന്ദേശം എഴുതിക്കൊടുക്കുകയും ചെയ്തു. ഇംഗ്ലീഷിലായിരുന്നു സന്ദേശം എഴുതിയത്‌. ഗാന്ധിജിയെ കണ്ടുമുട്ടിയത് നീലേശ്വരത്തും പരിസരപ്രദേശങ്ങളിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജം നൽകി. ഗാന്ധിജിയുടെ ഈ സന്ദേശം നീലേശ്വരം രാജാസ് ഹൈസ്കൂൾ ഓഫിസ് മുറിയുടെ ചുമരിൽ 65 വർഷമായി നിധിപോലെ സൂക്ഷിക്കുകയാണ്. ഇതിനുപുറമെ പടിഞ്ഞാറ്റംകൊഴുവലിലെ അരയാൽതറ സ്വാതന്ത്ര്യസമരങ്ങളുടെ നീലേശ്വരത്തിന്റെ മറ്റൊരു കേന്ദ്രമായിരുന്നു. ഗാന്ധിജിയുടെ ഓർമക്കായി അരയാൽതറക്കു സമീപം ഗാന്ധിസ്മൃതിമണ്ഡപം പിന്നീട് സ്ഥാപിച്ചിരുന്നു. 1998 നവംബർ 11ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഗാന്ധിയൻ ചിന്തകൾ വളർത്താനും യുവതലമുറയിൽ ഗാന്ധിയൻ മാർഗം പരിപോഷിപ്പിക്കാനും ഇവിടെ സമ്മേളനങ്ങൾ നടത്താറുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.