തൃക്കരിപ്പൂർ: ഒമ്പതാം തരത്തിൽ പഠിക്കുമ്പോഴാണ് ഉടുമ്പന്തല പുനത്തിലെ ചേക്കിൻറകത്ത് സജീർ പയ്യന്നൂരിൽനിന്ന് മുംബൈക്ക് വണ്ടികയറിയത്. വണ്ടി ചെന്നെത്തിയത് മുംബൈയിലായതിനാൽ അവിടെ ഇറങ്ങി എന്നാണ് സജീർ പറയുക. 22 വർഷത്തെ പുറവാസത്തിനിടയിൽ നാലുതവണ സജീർ പയ്യന്നൂർ വരെ എത്തി. വീട്ടിലേക്കു പോകാനുള്ള കൊതിമൂത്ത് ഓട്ടോയിൽ കയറി. പേക്ഷ, ആ തിരിച്ചുവരവുകൾ സഫലമായില്ല. പേരറിയാത്ത ഭീതി അവനെ പിന്തിരിപ്പിച്ചു. ഇനിയൊരിക്കലാവാം എന്നൊരു ദീർഘനിശ്വാസത്തിൽ അടുത്ത വണ്ടിയിൽ തിരിച്ചുപോകും. ഏറ്റവുമൊടുവിൽ 2019 സെപ്റ്റംബറിലാണ് പയ്യന്നൂരിൽ വന്നുമടങ്ങിയത്.
18 വയസ്സോളം മുംബൈയിൽ ഒരു ഫാൻ കമ്പനിയിൽ ജോലി ചെയ്തു. ഇവിടെനിന്ന് ട്രെയിൻ കയറിയ സജീർ തിരുവനന്തപുരത്താണ് എത്തപ്പെട്ടത്. ഇതിനിടെ നാട്ടിലെ ഫോൺ നമ്പറുകൾ മാറിയിരുന്നു. വിളിക്കാനുള്ള സാധ്യതയും ഇല്ലാതായി. അയൽവാസിയുടെ വിലാസത്തിൽ സ്വന്തം ചിത്രം കൂടി ചേർത്ത് സജീർ എഴുതി. ജ്യേഷ്ഠസഹോദരൻ സഹീർ ഈ പടം വെച്ച് അന്വേഷണം തുടങ്ങി. കാത്തിരിപ്പ് പിന്നെയും നീണ്ടു. കഴിഞ്ഞ വർഷം മേയിൽ സജീറിെൻറ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് വഴിത്തിരിവായി.
സമൂഹമാധ്യമത്തിൽ ചിത്രം കണ്ട കാസർകോട് സ്വദേശിയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ ഹോട്ടലിൽ ജോലിനോക്കുന്ന സജീറിനെ തിരിച്ചറിയുന്നത്. വീട്ടിലേക്ക് ബന്ധപ്പെട്ടതോടെ മടങ്ങാനുള്ള ധൈര്യമായി. ഇപ്പോൾ 36കാരനായ സജീർ പാപ്പനംകോടുനിന്ന് വിവാഹം ചെയ്തു. രണ്ടു മക്കളുണ്ട്. രോഗശയ്യയിലായ പിതാവ് സജീറിനെ ആശ്ലേഷിച്ചപ്പോൾ ചാരത്തിരുന്ന ഉമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. മാതാപിതാക്കളെ കാണിക്കാൻ മക്കളെ ഉടനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സജീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.