കാസർകോട്: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ വ്യക്തമാക്കി ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി, ദിവസം 5000 രൂപ ഈടാക്കുന്ന ഐ.സി.യുവിൽ കിടത്തി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിച്ചത് അധിക ഫീസ് ഈടാക്കാനാണെന്നുകാണിച്ച് പെരുമ്പള സ്വദേശി നൽകിയ പരാതിയിലാണ് കമീഷന്‍റെ ഇടപെടൽ.
2019 ഡിസംബർ 18നാണ് പരാതിക്കിടയാക്കിയ സംഭവം. കുഞ്ഞിന് ശ്വാസംമുട്ടിനുള്ള ശരിയായ ചികിത്സ തന്നെയാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് നൽകിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. പിന്നീട് കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് എന്നും മെഡിക്കൽ ഓഫിസർ റിപ്പോർട്ടിൽ വ്യക്തമാക്കി.
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നിലവിൽവന്നെങ്കിലും സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകളുടെ കാര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങളോ ഉത്തരവുകളോ ലഭ്യമായിട്ടില്ലെന്ന് മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. അതിനാൽ സ്വകാര്യ ആശുപത്രി ഐ.സി.യുവിന് ഈടാക്കിയ തുകയിൽ ഇടപെടാൻ കഴിയില്ലെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടി. ചികിത്സാനിരക്ക് വ്യക്തമാക്കി ഉത്തരവിറക്കിയാൽ ഇത്തരം പരാതികൾ പരിഹരിക്കാൻ കഴിയുമെന്ന് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.