കാഞ്ഞങ്ങാട്: മടിക്കൈയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും എന്ന പ്രഖ്യാപനത്തോടെയുള്ള ജല അതോറിറ്റിയുടെ പദ്ധതി പുരോഗമിക്കുന്നതിനിടെ വെള്ളം ശേഖരിക്കേണ്ട മണക്കടവ്ചാൽ വറ്റിവരണ്ടു.
ഏഴുകോടി രൂപക്ക് മൈത്തടത്തിന് മുകളിലെ മൈലാട്ടിപ്പാറയിൽ മൂന്നുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പണിതിരുന്നു. ഇവിടെനിന്ന് വീടുകളിലേക്ക് വെള്ളം ശുദ്ധീകരിച്ച് എത്തിക്കാൻ റോഡ് കീറി പൈപ്പിടുകയാണ്. ഇതിനിടെ കഴിഞ്ഞ മാർച്ച് മാസത്തോടെ തന്നെ ചാലിൽ ചരൽ മാത്രമായി. ജില്ല പഞ്ചായത്ത് ഇടപെട്ട് മാനൂരി മുതൽ അരയിവരെ ഒഴുകുന്ന പുഴയിൽനിന്ന് ചരൽനീക്കി സംഭരണശേഷി കൂട്ടാൻ 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്താത്തതോടെ കൃഷിയടക്കം കരിഞ്ഞു.
കാസർകോട് വികസന പാക്കേജിൽ ഒരു കോടി രൂപക്ക് ചരൽ നീക്കുമെന്ന പ്രഖ്യാപനവും പാഴായി. നീലേശ്വരം പുഴയുടെ കൈവഴിയായി ഒഴുകുന്ന പുഴയുടെ ജല സംഭരണ ശേഷി കൂട്ടി കണിച്ചിറ കേന്ദ്രമാക്കി ബോട്ടിങ് തുടങ്ങുമെന്നായിരുന്നു പഞ്ചായത്തിെന്റ പ്രഖ്യാപനം. സ്വപ്നങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടിയവർ കുടിവെള്ളമെത്തിക്കേണ്ട ചാൽ വറ്റിവരണ്ടിട്ടും ബദൽ മാർഗം തേടുന്നില്ലെന്ന് ആക്ഷേപമുയർന്നു. മണക്കടവിൽ പുതിയൊരു തടയണ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അത് നടപ്പാക്കിയശേഷമേ മൈലാട്ടി പാറയിലേക്ക് വെള്ളമെടുക്കാവൂ എന്ന് വാദിച്ച് പ്രാദേശിക പ്രതിഷേധവും ഉണ്ടായിരുന്നു. ഈ പ്രശ്നം പിന്നീട് പരിഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.