ഭൂപടത്തിൽ ഒരറ്റത്തായിപ്പോയി എന്നതാണോ കാസർകോടിനുള്ള പോരായ്മ. അതൊരു കുറ്റമോണാ...ഭൂമിയും അടിസ്ഥാന സൗകര്യവുമെല്ലാം ഉണ്ടായിട്ടും എയിംസ് പരിഗണിക്കുന്ന ജില്ലകളുടെ പട്ടികയിൽപോലും ഉൾപ്പെടുത്താതിരിക്കുന്നത് അതുകൊണ്ടാണോ? നിസ്സഹായതയും ദൈന്യതയും ഈ ചോദ്യത്തിലുണ്ട്. എയിംസിനു വേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കോവിഡ് കാലത്ത് നേരിട്ട ഒറ്റപ്പെടലാണ് വിഷയവുമായി തെരുവിലിറങ്ങാൻ കാരണം. വാണിജ്യനഗരമായ മാംഗളൂരുവിനോട് ചേർന്നുനിൽക്കുന്ന ജില്ലയായതിനാൽ ആശുപത്രിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുവദിക്കണമെന്ന് പറഞ്ഞ് ഒരു വാതിലും കാസർകോട്ടുകാർ അധികം മുട്ടാറില്ലായിരുന്നു.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും മെഡിക്കൽ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം മംഗളൂരുവിലുണ്ട്. കോവിഡ് ഒന്നാംതരംഗ വേളയിൽ അതിർത്തി അടച്ചപ്പോൾ നാട് അക്ഷരാർഥത്തിൽ ഒറ്റപ്പെട്ടു. കുതിച്ചോടിയ ആംബുലൻസുകൾ അതിർത്തിയിൽ കുടുങ്ങിയപ്പോൾ രണ്ടരഡസനോളം ജീവനാണ് പൊലിഞ്ഞത്. രണ്ടാം തരംഗവേളയിൽ കാസർകോട്ടേക്കുള്ള ഓക്സിജൻ വിതരണം മംഗളൂരു വിലക്കിയപ്പോഴും നിസ്സഹായത ഇരട്ടിച്ചു.
ആരോഗ്യ മേഖലയിൽ രാജ്യത്തെ ഉന്നത സ്ഥാപനമാണ് എയിംസ്. ഏറ്റവും മികച്ച ഡോക്ടർമാരും ചികിത്സയും ലഭിക്കും. ചുരുങ്ങിയത് 750 ബെഡുകൾ എങ്കിലും ഉണ്ടാവും. ഏറക്കുറെ എല്ലാ സ്പെഷാലിറ്റികളും ഗവേഷണ സൗകര്യവും. നൂറോ അധിലധികമോ എം.ബി.ബി.എസ് സീറ്റ്. മൻമോഹൻ സിങ് സർക്കാറിെൻറ കാലത്താണ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്.
തുടർന്നുവന്ന എൻ.ഡി.എ സർക്കാരും ഉറപ്പുനൽകി. 200 ഏക്കർ ഭൂമിയുണ്ടെങ്കിൽ എയിംസ് തരാമെന്ന് ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഇതിെൻറ എല്ലാം അടിസ്ഥാനത്തിലാണ് കേരളം ഇതിനായി പ്രൊപോസൽ നൽകിയത്. ഏറ്റവുമൊടുവിൽ സെപ്റ്റംബർ 22ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയക്ക് കോഴിക്കോട് കിനാലൂരിൽ 200ഏക്കർ ഭൂമി ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പേരിൽ കത്തയച്ചു.
സർക്കാർ നിയന്ത്രണത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ള ജില്ലകളിൽ ഒന്നാണ് കാസർകോട്. കയ്യൂർ ചീമേനി, മടിക്കൈ, പുല്ലൂർ പെരിയ, മുളിയാർ, എൻമകജെ, മഞ്ചേശ്വരം തുടങ്ങിയിടങ്ങളിലായി പ്ലാേൻറഷൻ കോർപറേഷെൻറയും റവന്യൂ വകുപ്പിേൻറതുമായി പതിനായിരത്തിലേറെ ഏക്കർ ഭൂമിയുണ്ട്. കേന്ദ്രസർവകലാശാലയോട് ചേർന്ന് മാത്രം എയിംസിന് വേണ്ട ഭൂമി ഒരുക്കാൻ കഴിയും. ദേശീയപാത, റെയിൽവേ, കണ്ണൂരിലും മംഗളൂരുവിലുമായുള്ള വിമാനത്താവളം എന്നിവയെല്ലാം കാസർകോടിനെ പരിഗണിക്കാൻ കഴിയും.
എല്ലാവർക്കും എത്തിപ്പെടാൻ കഴിയുന്ന ജില്ലകളിലാണ് എയിംസ് അനുവദിക്കേണ്ടതെന്നാണ് ഒരു ചർച്ചയിൽ മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടത്. ഒന്നാം പിണായി സർക്കാറിെൻറ നിലപാട് കൂടിയാണത്. ഇതിലൊന്നും കാസർകോട്ടുകാർക്ക് പരിഭവമില്ല. എയിംസ് അനുവദിക്കേണ്ട ജില്ലകളുടെ പട്ടികയിൽ ഉൾപ്പെട്ടാൽ മതിയെന്നാണ് എയിംസ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. കേന്ദ്ര സംഘം പരിശോധനക്ക് എത്തിയാൽ ജില്ലയെ തിരഞ്ഞെടുക്കുമെന്ന ശുഭാപ്തി വിശ്വാസവും ഇവർക്കുണ്ട്.
വിദഗ്ധ ചികിത്സ നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ച 6727 എൻഡോസൾഫാൻ ദുരിതബാധിതർ കഴിയുന്ന ജില്ലയാണിത്. പട്ടിക പുതുക്കിയാൽ രോഗികളുടെ എണ്ണം ഇനിയും കൂടും. കോവിഡിനു മുമ്പും ഇപ്പോഴും ചികിത്സക്കായി ഇത്രയും യാത്രാക്ലേശം അനുഭവിക്കുന്നവർ അപൂർവമാണ്. ഇവർക്കുള്ള ആശ്രയമെന്ന നിലക്കാണ് എയിംസിനായി ഒരുനാട് തെരുവിലിറങ്ങിയത്.
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലയിലുടനീളം ഒരാഴ്ച നീണ്ട കാൽനടജാഥ നടത്തി. വർക്കിങ് ചെയർമാൻ നാസർ ചെർക്കളയുടെ നേതൃത്വത്തിൽ ഹെസങ്കടി മുതൽ കാഞ്ഞങ്ങാട് വരെ 52 കി.മി പദയാത്ര. ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം ക്യാപ്റ്റനായി കാലിക്കടവ് മുതൽ നീലേശ്വരം വരെ 25 കി.മി യാത്രയും നടത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.പി പി. കരുണാകരൻ, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, എൻ. ചന്ദ്രശേഖരൻ എന്നിവർ വിവിധ സ്ഥലങ്ങളിലെ സമരങ്ങളിൽ പങ്കാളികളായി. ഇടതുവലതു മുന്നണികൾ സജീവമായ പരിപാടിയായിരുന്നു അത്. സൈക്കിൾ റാലി, വനിതസംഗമം, കൂട്ടഉപവാസം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തി.
എല്ലാ പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മകൾ ഉണ്ട്. എല്ലാവർക്കും വാട്ട്സ്ആപ് ഗ്രൂപ്, ഫേസ്ബുക്ക് പേജ് എന്നിവയുണ്ട്. ഗൾഫ് രാജ്യങ്ങളിലും കൂട്ടായ്മ സജീവം. എയിംസ് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകളെ ചേർന്ന് വൻ പ്രതിഷേധം അടുത്തമാസം നടത്താനാണ് തീരുമാനം.
എയിംസ് വിഷയത്തിൽ അധികാരത്തിലിരിക്കുന്നവരുടെ പിടിവാശി, ധിക്കാരം എന്നിവയാണ് ഇപ്പോൾ പ്രകടമായത്. എയിംസ് കാസർകോട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി തുടങ്ങിയ എല്ലാവർക്കും എം.പിയെന്ന നിലയിൽ നിവേദനം നൽകിയിട്ടുണ്ട്. പിന്നാക്ക ജില്ല എന്ന നിലക്ക് എന്തുകൊണ്ടും കാസർകോടിന് അവകാശപ്പെടാൻ അധികാരമുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകൾക്കു പുറമെ ദക്ഷിണ കന്നട, കുടക് എന്നീ ജില്ലകളിലുള്ളവർക്കും സൗകര്യപ്രദമായ സ്ഥലമാണ് ഇവിടം. എയിംസിനായി അവസാന ശ്വാസം വരെ പോരാടും. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും താൽപര്യം കോഴിക്കോടാണ്. സർക്കാർ പക്ഷപാതപരമായാണ് കാസർകോടിനോട് പെരുമാറുന്നത്. ഇതിനു വിരുദ്ധമായി പറയാൻ ജില്ലയിലെ സി.പി.എമ്മിന് കഴിയുന്നില്ല. കേന്ദ്രത്തിൽ മോദിയും ഇവിടെ പിണറായിയും ഒരേപോലെയായതിനാൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
എയിംസ് കാസർകോട് വരണമെന്നാണ് ആഗ്രഹിക്കുന്നത്. കാസർകോടിെൻറ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് എന്തുകൊണ്ടും അനുയോജ്യവുമാണ്.
എയിംസ് വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ നടന്ന മിക്ക പരിപാടികളിലും സി.പി.എം ജില്ല സെക്രട്ടറി എന്ന നിലക്ക് പങ്കെടുത്തിട്ടുണ്ട്. നേരിട്ടു പോവാൻ കഴിയാത്ത പരിപാടികളിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. അവരല്ലേ കേന്ദ്രം ഭരിക്കുന്നത്.
എന്തുകൊണ്ട് ഭരണസ്വാധീനം ഉപയോഗിച്ച് ബി.ജെ.പിക്ക് എയിംസ് കൊണ്ടുവരാൻ സാധിക്കുന്നില്ല. ബി.ജെ.പി സൃഷ്ടിക്കുന്ന വിവാദങ്ങളിൽ സമരക്കാർ വീഴരുത്. കോൺഗ്രസും ബി.ജെ.പിയും എയിംസിെൻറ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. അത് ശരിയായ നടപടിയല്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.