കാസർകോട്: ജില്ല ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷനാണ് കാസർകോട്. പക്ഷേ, ഇന്നും അവഗണനയുടെ പാതയിൽ ചൂളംവിളിച്ചാണ് മുന്നോട്ടുപോകുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷൻ റീബിൽഡ് പ്രവൃത്തി നടക്കുന്നത് മഴയിലായതിനാൽ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സ്റ്റേഷനകത്തേക്ക് വരാനും പോകാനും യാത്രക്കാർ കഷ്ടപ്പെടുകയാണ്.
മുന്നിലെ ഓട്ടോ പാർക്കിങ്ങും അതോടനുബന്ധിച്ചുള്ള കൗണ്ടറും അതിനുമുന്നിലെ നീണ്ടവരിയും കാരണം വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് സമീപത്തായാണ് നിർമാണപ്രവൃത്തിക്കുവേണ്ടി വലിയ കുഴിയും കുഴിച്ചിരിക്കുന്നത്. മണ്ണും ചളിയും ചവിട്ടിവേണം പ്ലാറ്റ്ഫോമിലേക്ക് കയറാൻ.
മഴയും കൂടിയാകുമ്പോൾ ഇരട്ടിദുരിതമാണ്. കാലവർഷം ശക്തിപ്രാപിക്കുമ്പോഴേക്കും പ്രവൃത്തി അവസാനിച്ചില്ലെങ്കിൽ അപകടങ്ങൾക്കും കാരണമാകും. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ (എ.ബി.എസ്.എസ്) ഉൾപ്പെട്ടതാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ.
മൊത്തമായി സ്റ്റേഷൻ റീബിൽഡ് ചെയ്യുന്നതിന്റെ നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇതിന്റെ അമ്പത് ശതമാനം പണി കഴിഞ്ഞെന്നാണ് റെയിൽവേ വാദം. ഇതോടനുബന്ധിച്ച് പുതിയ പാർക്കിങ് ഏരിയയും സീറ്റിങ് അറേഞ്ച്മെന്റും ഷെൽട്ടറുകളുമാണ് വരുക. അതിന്റെ പ്രവൃത്തിയാണ് നടക്കുന്നത്.
അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ ഉൾപ്പെട്ട് സംസ്ഥാനത്ത് 16 സ്റ്റേഷനുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്. ചിലതിന്റെ പണി ഏകദേശം പൂർത്തിയായെന്ന് സതേൺ റെയിൽവേ അറിയിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷൻ റീബിൽഡ് പ്രവൃത്തിക്ക് നീക്കിവെച്ച തുക 25.093 കോടിയാണ്. അമൃത് ഭാരത് പദ്ധതിവഴിയുള്ള ഓരോ സ്റ്റേഷന്റെയും പ്രവൃത്തിയുടെയും കരാറുകാർ പുറത്തുനിന്നുള്ള ഏജൻസിയാണ്.
മഴയിലെ നിർമാണം കരാറുകാരുടെ ഭാഗത്തുനിന്നുള്ള കാലതാമസം കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇത്രയും കാലം വൈകിയതെന്താണെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ജനറൽ കമ്പാർട്ട്മെന്റ് ഭാഗത്ത് സീറ്റുകളില്ലാത്തതും ക്ലോക്ക് റൂം, എ.സി കാത്തിരിപ്പ് മുറികളും ജില്ല ആസ്ഥാനത്തെ സ്റ്റേഷനിൽ ഇല്ല എന്നുള്ളത് ഒരു പോരായ്മയാണെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി.
ഡൽഹിയിലേക്കുള്ള നിസാമുദ്ദീനും കോയമ്പത്തൂർ ബിക്കാനീറും കാസർകോട് സ്റ്റോപ്പില്ല എന്നതും അവഗണനയാണെന്നാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നത്. മഴ മുന്നിൽ കണ്ട് പ്രവൃത്തി മുന്നേ തുടങ്ങേണ്ടിയിരുന്നുവെന്ന് ജനങ്ങൾ പറയുന്നു. കൂടാതെ മെയിൻ എൻട്രൻസിലെ സ്ഥിതിയും വഷളായിരിക്കുകയാണ്. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന അവസ്ഥയുണ്ട്.
പ്രവൃത്തി കഴിയുന്നതുവരെ ഓട്ടോ പാർക്കിങ് റോഡിന് എതിർവശത്തേക്ക് മാറ്റിയാൽ ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്നാണ് യാത്രക്കാരുടെ പക്ഷം.
കാസർകോട്: ജില്ല ആസ്ഥാനത്തെ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തനം ഇടക്കുമാത്രം എന്നനിലയിൽ ചുരുങ്ങിയിരിക്കുകയാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്ക് പോകാൻ ഇതുകാരണം പ്രായമായവരും ഭിന്നശേഷിക്കാരും ബുദ്ധിമുട്ടുകയാണ്.
വൈദ്യുതി വിച്ഛേദം കാരണമാണ് ഇടക്കിടെ ലിഫ്റ്റ് പ്രവർത്തനം നിന്നുപോകുന്നെതെന്നും ഉടൻ ലൈൻ മാറ്റാനുള്ള നടപടിയുണ്ടാകുമെന്നുമാണ് ഇതുസംബന്ധിച്ച് റെയിൽവേ പറയുന്നത്. കൂടാതെ, പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് പുതുതായി ഒരു ലിഫ്റ്റ് കൂടി നിർമിക്കുമെന്നും എസ്.ഡി.ആർ.എം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.