കാസർകോട്: ജില്ല കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ 2020 നവംബർ 15 അർധരാത്രി 12 മണി വരെ നീട്ടി ഉത്തരവായി. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാർഷിക വിളകൾ നശിപ്പിക്കുന്ന, കർഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളിൽ വനം വകുപ്പ് അനുമതി നൽകുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. അതത് റേഞ്ച് ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ജില്ലയിലെ കർഷകരിൽ നിന്നും ഈ ആവശ്യത്തിന് അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡി.എഫ്.ഒ അനൂപ് കുമാർ ജില്ലാതല വികസന സമിതി യോഗത്തിൽ അറിയിച്ചു. കാട്ടുപന്നികളെ വെടിവെക്കേണ്ട ആവശ്യത്തിന് ഉപാധികളോടെ തോക്കുകൾക്ക് അനുമതി നൽകും. ആറുമാസത്തേക്കാണ് അനുമതി നൽകുക. ഇങ്ങനെ കാട്ടുപന്നികളെ നിയമവിധേയമായി വെടിവെക്കുന്നവർക്ക് 1000 രൂപ പാരിതോഷികവും നൽകും.
ജില്ലയിലെ കർണാടക വനാതിർത്തിയിൽ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരും. നാട്ടിൽ ഇറങ്ങി ശല്യം ചെയ്യുന്ന കാട്ടു കുരങ്ങുകളെ കൂടു സ്ഥാപിച്ച് പിടികൂടി വന്ധ്യംകരിച്ച് ഉൾക്കാട്ടിൽ വിടുമെന്നും ഡി.എഫ്.ഒ അറിയിച്ചു. സ്ഥലം സന്ദർശിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡന് കാസർകോട് ജില്ലയിലെ വന്യജീവി ശല്യത്തെ കുറിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. ആനകളെ തുരത്താൻ പരിചയ സമ്പന്നരായ എട്ടുപേരെ ആറളത്ത് നിന്ന് കൊണ്ടുന്നു. 2008 ലെ വന്യജീവി സെൻസസ് പ്രകാരം കാസർകോട് ജില്ലയിൽ കാട്ടാനകൾ ഒന്നും ഇല്ല എന്നാൽ ജില്ലയിൽ എട്ട് ആനകൾ താവളം ഉറപ്പിച്ചിട്ടുണ്ട്. ഇത് കർണാടക വനത്തിൽ നിന്നും ഭക്ഷണം തേടി ഇറങ്ങിയവയാണ്. കർണാടക വനം വകുപ്പുമായി ചർച്ച ചെയ്ത് ഈ കാട്ടാനകളെ കർണാടക വനത്തിലേക്ക് തിരികെ എത്തിക്കും.
എം. രാജഗോപാലൻ എം എൽ ഏ യുടെ ആവശ്യപ്രകാരമാണ് നടപടി. നവംബർ അഞ്ചിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വീഡിയോ കോൺഫറൻസിൽ ചേരുമെന്നും യോഗത്തിൽ അറിയിച്ചു.
ജില്ല പ്ലാനിങ് ഓഫീസർ ഇൻ ചാർജ് റിപ്പോർട്ട് അവതരിപ്പിച്ചു എം.എൽ.എ മാരായ എം.സി ഖമറുദ്ദീൻ, എൻ,എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എജി സി ബഷീർ, എം.പി യുടെ പ്രതിനിധി എ. ഗോവിന്ദൻ നായർ, എ. ഡി.എം എൻ. ദേവീദാസ് സബ് കലക്ടര്‍ ഡി.ആർ മേഘശ്രീ, ആർ.ഡി.ഒ ഷംസുദ്ദീൻ, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജ് മോഹൻ, ഡി.എഫ്.ഒ അനൂപ് കുമാർ, പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വിനോദ്കുമാർ, ബിൽഡിങ്സ് ഇ.ഇ മുഹമ്മദ് മുനീർ, എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സന്തോഷ് കുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.