കശ്മീർ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സർക്കാർ പരിഗണനയിലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ചിറ്റൂർ: ജമ്മു കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ പരിക്കേറ്റ മനോജിന്‍റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.

അതേസമയം, ഇന്ന് പുലർച്ചെ മൂന്നോടെ വിമാനത്തിൽ കൊച്ചിയിലെത്തിച്ച മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ ഏഴു മണിയോടെ ചിറ്റൂരിലെത്തിച്ചു. ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ രാവിലെ 8.30 വരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹങ്ങൾ 10 മണിയോടെ ചിറ്റൂർ മന്ദക്കാട് ശ്മശാനത്തിൽ സംസ്കരിക്കും.

പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവർ എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണ് അപകടമുണ്ടായത്. മഞ്ഞുകട്ടകൾ വീണ്കിടക്കുന്ന റോഡിൽ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു.

മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3528 മീറ്റർ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ്.

Tags:    
News Summary - Kashmir car accident: The government is considering financial assistance to the families says Minister K. Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.