മന്ത്രിസഭാ പ്രവേശനം മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്ന് ഗണേഷ് കുമാർ; ചില കുടുംബ പ്രശ്നങ്ങളുണ്ടെന്ന് സഹോദരി

പത്തനാപുരം: മന്ത്രിസഭാ പ്രവേശനം രണ്ടാം ടേമിലേക്ക് മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് കേരള കോൺഗ്രസ് ബി നേതാവും നിയുക്ത എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. സ്വത്തുതർക്കം സംബന്ധിച്ച് സഹോദരി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചില കുടുംബ പ്രശ്നങ്ങളുണ്ടെന്നും അത് കുടുംബത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഉഷ മോഹൻദാസ് പ്രതികരിച്ചു. ഈ വിഷയത്തിൽ ആർക്കും പരാതി നൽകിയിട്ടില്ല. മാധ്യമ വാർത്തകളെ കുറിച്ച് അറിയില്ല. തങ്ങളുടെ അറിവോടെയല്ല വാർത്തകൾ വന്നതെന്നും ഉഷ ഒരു വെബ് സൈറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കേരള കോൺഗ്രസ് ബിയുടെ ഏക എം.എൽ.എയായ കെ.ബി. ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പ്രവേശനം രണ്ടാം ടേമിലേക്ക് മാറ്റാനുള്ള എൽ.ഡി.എഫ് തീരുമാനത്തിന് പിന്നിൽ സഹോദരിയുടെ പരാതിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധിച്ച തർക്കം ചൂണ്ടിക്കാട്ടി മൂത്ത സഹോദരി ഉഷ മോഹൻ‌ദാസ് ഉന്നയിച്ച പരാതിയാണ് ഗണേഷിന് തിരിച്ചടിയായത്. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ സന്ദർശിച്ച ഉഷ, പരാതി നേരിട്ട് ഉന്നയിച്ചെന്നാണ് വിവരം.

കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് മേയ് മൂന്നിന് അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളത്. ഈ സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച തയാറാക്കിയ വിൽപത്രത്തിൽ ചില കളികൾ നടന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ സഹോദരൻ ഗണേഷ് കുമാറാണെന്നാണ് ഉഷയുടെ ആരോപണം. കൂടാതെ, അതിന്‍റെ തെളിവുകൾ ഉഷ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - KB Ganesh Kumar declined Pinarayi Ministry Entry Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.