എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി -മന്ത്രി ഗണേഷ് കുമാര്‍

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് ഐ.ഐ.ടി.യിലെ എഞ്ചിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടുമെന്നും പ്രായോഗിക പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. ശാശ്വത പരിഹാരത്തിന് വളരെ ചെലവ് വരും. താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ സ്റ്റാന്‍ഡിനു മുന്‍വശത്തെ തോട്ടില്‍ നിന്നും വെള്ളം കയറാതിരിക്കാന്‍ 3 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള വെള്ളം ഒഴുക്കി കളയുന്നതിന് റെയില്‍വേ ലൈനിന്റെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് റെയില്‍വേയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. എത്രത്തോളം പരിഹാരം കാണാനാകുമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

 

വെള്ളക്കെട്ടിനാല്‍ യാത്രക്കാരും ജീവനക്കാരും ഒരേപോലെ ബുദ്ധിമുട്ടുകയാണ്. ബില്‍ഡിങ് പൊളിക്കാതെ നവീകരിക്കും. ആവശ്യമില്ലാത്ത എല്ലാ ശുചിമുറികളും അടിയന്തരമായി പൊളിച്ചുമാറ്റും. പുതിയ ശുചിമുറികള്‍ നിര്‍മ്മിച്ചു പരിപാലിക്കുന്നതിന് ഏജന്‍സികളെ കണ്ടെത്തും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനുള്ള തുക സിഎസ്ആര്‍ ഫണ്ട്, എന്‍ജിഒ ഫണ്ട് എന്നിവയിലൂടെ സമാഹരിക്കും. എറണാകുളം ബസ് സ്റ്റാന്‍ഡിലെ പ്രശ്‌ന പരിഹാരത്തിന് ജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ വയ്ക്കാമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലായിടത്തും ഹൗസ് കീപ്പിങ് വിങ്ങുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍എ., കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ വികസന സമിതി കമീഷണര്‍ എം.എസ് മാധവിക്കുട്ടി, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ചെല്‍സാസിനി, കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ്, മറ്റ് ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - K.B.Ganesh Kumar said that urgent action should be taken to solve the waterlogging at the bus stand.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.