തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജനകീയ വിഷയങ്ങൾക്കും സാധാരണക്കാരെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങൾക്കുമപ്പുറം പ്രചാരണവും ചർച്ചയുമെല്ലാം പെട്ടിയിലും കള്ളപ്പണത്തിലും ചുറ്റിത്തിരിയുന്നു. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന ഭരണപരമായ വിഷയങ്ങൾ ചർച്ചയാകാതെ ബോധപൂർവം ഇടതുപക്ഷം നിശ്ശബ്ദത പുലർത്തുമ്പോൾ അതത് ദിവസത്തെ രാഷ്ട്രീയ വിവാദങ്ങളിൽ എതിരാളികളെ വായടപ്പിക്കാനാണ് പ്രതിപക്ഷവും ശ്രമിക്കുന്നത്.
ക്ഷേമാനുകൂല്യങ്ങളുടെ കുടിശ്ശികയും നികുതി ഭാരവും സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റവുമടക്കം നീറുന്ന വിഷയങ്ങൾ നിരവധിയാണെങ്കിലും അതിലൊന്നും ചർച്ചയില്ല. വയനാട്ടിലെ പുനരധിവാസത്തിനു നേരെ കണ്ണടച്ച കേന്ദ്ര സർക്കാർ നടപടി തെരുവു പ്രസംഗങ്ങളിലെ പതിവ് പരാമർശങ്ങളല്ലാതെ ചൂടേറിയ ചർച്ചയാക്കി മാറ്റാൻ ഇരുമുന്നണികൾക്കും താൽപര്യം കാണുന്നില്ല. ദുരന്തമുണ്ടായി ഇത്ര ദിവസമായിട്ടും ഒരക്ഷരം മിണ്ടാതെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാക്കളുമടക്കം ധ്രുവീകരണ അജണ്ട നിരത്തുമ്പോഴും യാഥാർഥ വിഷയത്തിലേക്ക് വിരൽചൂണ്ടാൻ ശ്രമങ്ങളുണ്ടാകുന്നില്ല. പെട്ടിയുടെ നിറവും വലുപ്പവും സഞ്ചാര വഴികളും സി.സി ടി.വി ദൃശ്യങ്ങളും ഇഴകീറി ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുമ്പോഴും പൊള്ളുന്ന വിഷയങ്ങൾ ശ്രദ്ധ കിട്ടാതെ തണുത്തുറയുകയാണ്.
വയനാട്ടിൽ പ്രിയങ്കയെത്തിയിട്ടും ചർച്ച പാലക്കാടാണ് എന്നത് വലിയ നേട്ടമായാണ് ശനിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടിവരയിട്ടത്. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ രാഷ്ട്രീയ വിവാദങ്ങളിൽ സി.പി.എമ്മിനെ ഉത്തരം മുട്ടിക്കാനായി എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.കണ്ണൂരിലെ എ.ഡി.എമ്മിന്റെ ആത്മഹത്യയുണ്ടായ ദിവസമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആദ്യ ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകൾ കണ്ണൂരിലേക്കും പി.പി. ദിവ്യയിലേക്കും കണ്ണൂർ, പത്തനംതിട്ട ജില്ല കമ്മിറ്റികളുടെ വിരുദ്ധ നിലപാടുകളിലും നിറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ അസ്വാരസ്യങ്ങൾ കോൺഗ്രസ് ക്യാമ്പിൽ അസ്വസ്ഥത സൃഷ്ടിച്ചതും പി. സരിന്റെ വാർത്തസമ്മേളനങ്ങളും ഒടുവിൽ ഇടതു ചേരിയിലേക്കുള്ള മാറ്റവുമെല്ലാമായി പ്രചാരണക്കാറ്റ് പിന്നീട് പാലക്കാടേക്കായി. ഇതോടെ പ്രചാരണങ്ങളുടെ ശ്രദ്ധാകേന്ദ്രമായി പാലക്കാട് മാറി. ഒക്ടോബർ 22ന് വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയെങ്കിലും ഭൂരിപക്ഷം അഞ്ചുലക്ഷം മറികടക്കുമോ എന്നതിലായിരുന്നു ആശയസംവാദം.
ഇതിനിടെയാണ് രണ്ട് എം.എൽ.എമാരെ കൂറുമാറ്റുന്നതിന് എൻ.സി.പി നേതാവ് തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുണ്ടായത്. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരമാർശം കൈപൊള്ളിച്ചത് സി.പി.ഐയെ ആണെങ്കിൽ കൊടകരയിലെ ഓഫിസ് സെക്രട്ടറിയുടെ തുറന്നുപറച്ചിലിൽ നീറിയത് ബി.ജെ.പിയാണ്. വിവാദപ്പൊരിയേറ്റ് സി.പി.എമ്മിനും നേരിയ മുറിവുകളേറ്റു. പരസ്പരം കണ്ടിട്ടും സരിനും രാഹുലും കൈകൊടുത്തില്ലെന്നതിലും ഉയർന്നത് വലിയ വാദപ്രതിവാദങ്ങൾ. ഇത്തരം കോലാഹലങ്ങളെല്ലാം എങ്ങുമെത്താതെ ശേഷിക്കുന്നതിനിടയിലാണ് പെട്ടിവിവാദവും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.