സദാചാര പൊലീസ് ചമഞ്ഞ് പി.എസ്.സി: മുൻ അണ്ടർ സെക്രട്ടറിയും കുടുംബവും ജപ്തിയുടെ വക്കിൽ

തിരുവനന്തപുരം: ജീവനക്കാരുടെ കുടുംബപ്രശ്നങ്ങളിൽ സദാചാര പൊലീസ് ചമഞ്ഞ് കേരള പബ്ലിക് സർവിസ് കമീഷൻ. മുൻ പി.എസ്.സി അണ്ടർ സെക്രട്ടറിയുടെ ദാമ്പത്യപ്രശ്നങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തിയതിനു പിന്നാലെ, വിവാഹേതര ബന്ധം ആരോപിച്ച് അർഹതപ്പെട്ട പെന്‍ഷനും വിരമിക്കൽ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും പി.എസ്.സി തടഞ്ഞുവെച്ചു.

കടംക‍യറി വീടും ഭൂമിയും ജപ്തി ഭീഷണിയിലായതോടെ രണ്ടുപെൺമക്കളുമായി പി.എസ്.സിക്ക് മുന്നിൽ സമരത്തിനൊരുങ്ങുകയാണ് കൊട്ടാരക്കര സ്വദേശി എൻ. ജയാനന്ദനും ഭാര്യ അമ്പിളിയും. മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണന്‍റെയും നിലവിലെ ചെയർമാൻ എം.കെ. സക്കീറിന്‍റെയും ഭരണകാലത്താണ് സാംസ്കാരിക കേരളത്തിന് അപമാനകരമായ നടപടികൾ. മുൻ അണ്ടർ സെക്രട്ടറി ജയനാന്ദനെതിരെ 11 വർഷം മുമ്പാണ് ഭാര്യയെന്ന് അവകാശപ്പെട്ട് ഇടുക്കി സ്വദേശി അന്നത്തെ കമീഷൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണനെ സമീപിച്ചത്. ജയാനന്ദന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും തന്‍റെ സാമ്പത്തിക ബാധ്യത ജയാനന്ദനിലൂടെ തീർപ്പാക്കി തരണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, പരാതി പൊലീസിന് കൈമാറുന്നതിന് പകരം ചട്ടങ്ങൾ മറികടന്ന് ആഭ്യന്തര വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാനായിരുന്നു പി.എസ്.സി തീരുമാനം.

പരാതിക്കാരി ജയാനന്ദന്‍റെ ഭാര്യയാണെന്നും മറ്റൊരു യുവതിയുമായി അവിഹിത ബന്ധം പുലർത്തിയത് പൊതുസമൂഹം അംഗീകരിക്കാത്ത തെറ്റാണെന്നുമായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ. പരാതി വ്യാജമാണെന്നും പരാതിക്കാരി തന്‍റെ ഭാര്യയല്ലെന്നും ജയാനന്ദൻ മറുപടി നൽകിയെങ്കിലും മോശം പെരുമാറ്റം ആരോപിച്ച് അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും സർക്കാർ ചട്ടലംഘനമാരോപിച്ച് ഡെപ്യൂട്ടി സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി തസ്തികകളിലേക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തു. ശിക്ഷാനടപടികൾ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ തള്ളിയെങ്കിലും ചെയർമാൻ എം.കെ സക്കീറിന്‍റെ നേതൃത്വത്തിലെ കമീഷൻ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു.

പരാതിക്കാരി ജയാനന്ദന്‍റെ ഭാര്യയല്ലെന്ന് 2014ൽ കട്ടപ്പന കുടുംബകോടതി വിധിച്ചു. വിധി അംഗീകരിക്കാൻ പി.എസ്.സി തയാറായില്ല. 2018ൽ ജയാനന്ദൻ വിരമിച്ചു. ജയാനന്ദനെതിരെ നൽകിയ പരാതികൾ കുടുംബകോടതി വിധിയുടെ അടിസ്ഥാനത്തിൽ പിൻവലിക്കുകയാണെന്നു പരാതിക്കാരി ചെയർമാൻ എം.കെ സക്കീറിന് കത്ത് നൽകിയെങ്കിലും അതും മുഖവിലയ്ക്കെടുത്തിട്ടില്ല.

പെന്‍ഷനും റിട്ടയർമെന്‍റെ് ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കടംവാങ്ങിയും ബാങ്ക് ലോണുമെടുത്താണ് രണ്ട് പെൺമക്കളെയും ജയാനന്ദൻ പഠിപ്പിക്കുന്നത്. ലോൺ തിരിച്ചടക്കാത്തതിനെ തുടർന്ന് വീടിനു മുന്നിൽ ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. ഒക്ടോബർ 14ന് ഇ-ഓപ്ഷനിലൂടെയാണ് ലേലം. 

Tags:    
News Summary - Kerala Public Service Commission intervened in family problems of employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.