കൊച്ചി: തൃശൂർ കേരളവർമ കോളജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ ഹൈകോടതിയിൽ ഹരജി നൽകി. താൻ ‘എണ്ണിത്തോൽപ്പിക്കലിന്’ ഇരയായെന്ന് ആരോപിച്ചാണ് ഹരജി. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നും ഹരജിയിൽ പറയുന്നു. ബാലറ്റിലടക്കം കേടുവരുത്തിയ സാഹചര്യത്തിൽ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹരജിക്കാരനുവേണ്ടി അഡ്വ. മാത്യു കുഴൽനാടൻ വെള്ളിയാഴ്ച വൈകീട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ ഉന്നയിച്ചെങ്കിലും ബെഞ്ച് തയാറായില്ല. വിഷയം രജിസ്ട്രാർ ജനറലിന്റെ മുന്നിൽ ഉന്നയിക്കാൻ അനുമതി നൽകിയെങ്കിലും കോടതിയുടെ സിറ്റിങ് സമയം കഴിഞ്ഞു. ഹരജി തിങ്കാളാഴ്ച ജസ്റ്റിസ് ടി.ആർ. രവിയുടെ പരിഗണനക്കെത്തും. ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് പ്രിൻസിപ്പലിന്റെ എതിർപ്പ് മറികടന്ന് വോട്ട് വീണ്ടും എണ്ണിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
തൃശൂർ: ശ്രീ കേരള വർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ നീക്കമാണ് നടക്കുന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും വോട്ടെണ്ണൽ നിർത്തിവെച്ചിരിക്കുന്നുവെന്നും അറിയിച്ച് വിദ്യാർഥികളുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഫോൺ വന്നതിനെ തുടർന്നാണ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ശോഭയെ ഫോണിൽ ബന്ധപ്പെട്ടതെന്ന് ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ പറഞ്ഞു. ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷം വന്നതിനെ തുടർന്ന് എതിർ സ്ഥാനാർഥി റീ കൗണ്ടിങ് ആവശ്യപ്പെട്ടെന്നും തർക്കമുണ്ടായതിനെ തുടർന്ന് റീ കൗണ്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. റീ കൗണ്ടിങ് നിർത്തിവെക്കുന്നത് നിയമപരമല്ലാത്തതിനാൽ സർവകലാശാല തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിധേയമായി നടപടികൾ തുടരാൻ നിർദേശിക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.