തദ്ദേശ ഫലം വന്നപ്പോൾ ഏവരെയും അമ്പരപ്പിച്ചതാണ് എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ട്വൻറി 20 കൂട്ടായ്മ കൈവരിച്ച വൻ വിജയം. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോലയിൽ പ്രബല സാന്നിധ്യമായി മാറുകയും ചെയ്തത് ദേശീയതലത്തിൽ തന്നെ വാർത്തയായി. വികസന മാതൃകയുടെ വിജയമെന്ന് ട്വൻറി 20 അവകാശപ്പെടുേമ്പാൾ വ്യവസായികൾ രാഷ്ട്രീയ രംഗം കൈയടക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന ആശങ്കയും മറുവശത്തുയരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷ പിന്തുണയില്ലാതെ വിജയിച്ചതെങ്ങനെ? കൂട്ടായ്മയുടെ സംഘാടകരും എതിർക്കുന്നവരും ഉയർത്തുന്ന വാദങ്ങളുടെ യാഥാർഥ്യമെന്ത്? കിഴക്കമ്പലത്ത് നടക്കുന്നതെന്തെന്ന് 'മാധ്യമം' അന്വേഷിക്കുന്നു.
രാഷ്ട്രീയക്കാരെല്ലാം പഠിച്ച കള്ളന്മാരാണെന്നും വൃത്തികെട്ടവരാണെന്നും ആവർത്തിച്ചു പ്രചരിപ്പിച്ചാണ് ട്വൻറി 20 നാട്ടുകാരെ ഒപ്പം ക്ഷണിച്ചത്. ഇടതു,വലതു മുന്നണികൾക്കെതിരായ ആരോപണങ്ങളും പരിഹാസങ്ങളും പ്രചരിപ്പിച്ച് എന്തിനിങ്ങനെ ഒരു പ്രയോജനവുമില്ലാത്തവരെ ജയിപ്പിച്ചുവിടുന്നുവെന്ന, കൂട്ടായ്മ ആരംഭിച്ച ദിവസം തുടങ്ങിയ ചോദ്യം രണ്ടാം വിജയം ലഭിച്ചശേഷവും തുടരുന്നു. രാഷ്ട്രീയക്കാരെക്കൊണ്ട് പ്രത്യക്ഷത്തിൽ ഗുണങ്ങളില്ലെന്നും ട്വൻറി 20 വന്നാൽ ഭക്ഷ്യസാധനമെങ്കിലും കിട്ടുമെന്നുമുള്ള ചിന്ത ജനങ്ങൾക്കിടയിൽ ക്ലിക്കായി.
പ്രഥമ ഭരണസമിതിതന്നെ അരാഷ്ട്രീയതയുടെ വക്താക്കളായിരുന്നുവെന്ന് പേരു പറയാൻ മടിക്കുന്ന(ഭയക്കുന്ന)ചില യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. മറ്റിടങ്ങളിലെ ജനപ്രതിനിധികളെ പോലെ ഏതുനേരവും ഏത് നാട്ടുകാരനും സമീപിക്കാവുന്നവരായിരുന്നില്ല പലരും. വാർഡ് മെംബറെ കൂടാതെ ഓരോ വാർഡിനും കോഒാഡിനേറ്റർ ഉണ്ട്. ആവശ്യവും പ്രശ്നവുമെല്ലാം അറിയിക്കേണ്ടത് കോഒാഡിനേറ്ററെയാണ്. ഇത്തരത്തിൽ പകൽ 11ന് പഞ്ചായത്തിലെ യുവദമ്പതികൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിനായി ജനപ്രതിനിധിയെ വിളിച്ചപ്പോൾ ലഭിച്ച മറുപടി, ഈ നേരത്തൊന്നും വിളിക്കരുതെന്നും കോഒാഡിനേറ്ററെ വിളിക്കൂ എന്നുമാണ്. ട്വൻറി 20 അല്ലാത്ത, മറ്റു രാഷ്ട്രീയ പാർട്ടികളോട് അനുഭാവം പുലർത്തുന്നവർ ആവശ്യത്തിനു വന്നാൽ, മുഖംതിരിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.
സ്വാതന്ത്ര്യം തന്നെയമൃതം..
എന്തിനും ഏതിനും മുതലാളിയുടെ അനുമതി വാങ്ങേണ്ട ഗതികേടായിരുന്നുവെന്ന് പറയുന്നത് മുൻ ഭരണസമിതി അംഗമായിരുന്ന, ജീവിതത്തിൽ നേരിട്ട വലിയ അപമാനത്തെത്തുടർന്ന് ട്വൻറി 20യിൽ നിന്ന് രാജിവെച്ച എം.വി. ജോർജ് എന്ന അംഗമാണ്. നേരത്തെ സി.പി.എം വാർഡംഗമായിരുന്ന ജോർജിന് ചില കാരണങ്ങളാൽ ട്വൻറി 20യിൽ ചേരേണ്ടിവന്നു. അവരുടെ ബാനറിൽ ജനപ്രതിനിധിയായതോടെ സ്വാതന്ത്ര്യം അവസാനിച്ചുവെന്ന് അദ്ദേഹം പറയുന്നു. ആരെെയങ്കിലും വിവാഹം ക്ഷണിക്കാനോ മരണവീട്ടിൽ പോകാനോ മറ്റു കാര്യങ്ങൾ സംസാരിക്കാനോ, ഇനി മറ്റൊരാൾ കല്യാണത്തിനു ക്ഷണിച്ചാൽ പോകാനോ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വല്ലാത്തൊരു ജീവിതമായിരുന്നു അതെന്നും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയ ജോർജ് പറയുന്നു. സി.പി.എമ്മിലുണ്ടായിരുന്ന കാലത്തെ സുഹൃത്തുക്കൾ പഞ്ചായത്തിലെത്തുമ്പോൾ സംസാരിക്കുന്നതിൽ പോലും വിലക്കുണ്ടായിരുന്നു. മകളുടെ വിവാഹത്തിന് വലിയ അപമാനം നേരിട്ടതിനു പിന്നാലെയാണ് സംഘടന വിട്ടത്. പഴയ സഖാക്കളെയും പാർട്ടിക്കാരെയും ഒന്നും വിളിക്കരുതെന്നായിരുന്നു നിർദേശം. എന്നാൽ, പഞ്ചായത്തിൽ ഒപ്പം ജയിച്ച കോൺഗ്രസ്, എസ്.ഡി.പി.ഐ അംഗങ്ങളെ ക്ഷണിക്കുകയും കല്യാണത്തിനു വരുകയും ചെയ്തതിന് ട്വൻറി 20 ചീഫ് കോഓഡിനേറ്ററും പ്രവർത്തകരും കൂട്ടത്തോടെ കല്യാണത്തിനെത്തി നിമിഷങ്ങൾക്കകം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ആ ഷോക്കിൽ അദ്ദേഹം സംഘടനയിൽ നിന്ന് രാജിവെച്ചു.
പഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും ചില പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് ശമ്പളം കൂടാതെ ട്വൻറി 20യുടെ വകയും പ്രതിഫലമുണ്ടെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് േജാർജ് ഉയർത്തുന്നത്. ട്വൻറി 20യിലുണ്ടായ പൊട്ടിത്തെറിക്കു പിന്നാലെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.വി. ജേക്കബ് രാജിവെച്ചതും സ്വാതന്ത്ര്യമില്ലായ്മ സഹിക്കാനാവാതെയാണ്. രാജിക്കു പിന്നാലെ ചീഫ് കോഒാഡിനേറ്ററുടെ ഏകാധിപത്യത്തിനും ഭരണസമിതി നോക്കുകുത്തിയാവുന്നതിനുമെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഏതു ഫയലിൽ ഒപ്പുവെക്കണമെങ്കിലും സമ്മതം വേണമെന്നാണ് ജേക്കബ് പറഞ്ഞത്. സർക്കാർ വേതനം കൂടാതെ ട്വൻറി 20യും പ്രതിഫലം തന്നിരുന്നുവെന്നും പറഞ്ഞു.
ജനപ്രതിനിധികളെ മാത്രമല്ല, ജനങ്ങളെയും ഈ തരത്തിൽ നിശ്ശബ്ദരാക്കുകയാണ് ട്വൻറി 20. പ്രതികരിച്ചാൽ കാർഡ് ഇല്ലാതാവുമെന്നാണ് ഭീഷണി. അങ്ങോട്ടും ഇങ്ങോട്ടും തിരിയാനും അയൽവാസികളോട് സംസാരിക്കാൻപോലും സമ്മതം വാങ്ങേണ്ടിവരുന്നതിനെതിരെ ഗോഡ്സ് വില്ലയിലുൾെപ്പടെ അസ്വാരസ്യമുണ്ട്. എന്നാൽ, ഭക്ഷ്യസുരക്ഷ മാർക്കറ്റും വേണ്ടുവോളം സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഉള്ളിടത്തോളം കാലം ഒരാൾ പോലും രംഗത്തുവരില്ലെന്ന ധൈര്യമാണ് ഈ അരാഷ്ട്രീയ-കോർപറേറ്റ് സമ്മിശ്ര ഭരണകൂടത്തിെൻറ ആത്മവിശ്വാസം.
ഇതിൽ എന്താണ് ഇത്ര അപകടം
എത്രയോ സ്വതന്ത്രർ പഞ്ചായത്തിലേക്ക് ജയിക്കുന്നു, ഇത് ഒരു സ്വതന്ത്ര പാർട്ടി പഞ്ചായത്ത് ഭരിക്കുംപോലെ കണ്ടാൽ പോരെ- ട്വൻറി 20യെ ന്യായീകരിച്ച് കേൾക്കാറുള്ള പ്രധാന വാദങ്ങളിൽ ഒന്നാണിത്. സ്വതന്ത്രർ തെരഞ്ഞെടുക്കപ്പെടുന്നതും ഒരു കോർപറേറ്റ് ഗ്രൂപ്പിെൻറ ആജ്ഞാനുവർത്തികളായ ഒരുസംഘം ആളുകൾ ജയിച്ചുകയറുന്നതും ഒരുപോലെ അല്ല എന്നു തന്നെയാണ് ഉത്തരം. രാഷ്്ട്രീയ പാർട്ടി പ്രതിനിധികൾ പ്രവർത്തനങ്ങളിൽ ജനങ്ങളോടും സംഘടനയോടും ഉത്തരം പറയാൻ ബാധ്യസ്ഥരാണെങ്കിൽ അരാഷ്ട്രീയ കൂട്ടായ്മകൾക്ക് ആത്യന്തിക പ്രതിപത്തി അവരുടെ മുതലാളിയോട് മാത്രമായിരിക്കും.
മാലിന്യ സംസ്കരണം, ഖനനം തുടങ്ങിയ നാടിെൻറ തന്ത്രപ്രധാന വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട് നിർണായകമാണെന്നിരിക്കെ, ഒരു ബിസിനസ് ഗ്രൂപ്പിെൻറ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന സംഘം ഭരണം കൈയാളുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കും.
കിഴക്കമ്പലത്തേതുപോലെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ബിസിനസ് ഗ്രൂപ്പുകളും സമ്പന്ന കുടുംബങ്ങളും ഇത്തരം പ്രോക്സികളെ കളത്തിലിറക്കുകയും സൗജന്യങ്ങളും ആനുകൂല്യങ്ങളും കാണിച്ച് ജനങ്ങളെ സ്വാധീനിച്ച് വോട്ടുപിടിച്ച് അധികാരമേറുകയും ചെയ്യാൻ തുടങ്ങിയാൽ ജനാധിപത്യ കേരളം പഴയ ജന്മി-നാടുവാഴിത്തത്തിലേക്ക് തിരിച്ചുപോകും. അങ്ങനെ വന്നാൽ ആയിരക്കണക്കിന് മനുഷ്യർ ജീവനും ജീവിതവും നൽകി നേടിയ നാടിെൻറ സ്വാതന്ത്ര്യവും പരമാധികാരവുമാണ് അടിയറവുവെക്കേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.