ഹമാസിനെ ഭീകരരാക്കിയതല്ല; ഫലസ്തീൻ ജനതയുടെ ദൈന്യതയാണ് വിവരിച്ചത് -വിവാദ പോസ്റ്റിൽ വിശദീകരണവുമായി കെ.കെ. ശൈലജ

തിരുവനന്തപുരം: ഹമാസിനെ ഭീകരരായി ചിത്രീകരിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണെന്നും 1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ

ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയതെന്നും കെ.കെ. ശൈലജ വിശദീകരിച്ചു. ഇടതുപക്ഷം എപ്പോഴും ഫലസ്തീനൊപ്പമാണ്. ഏതു യുദ്ധത്തിന്റെയും കെടുതികൾ അനുഭവിക്കുന്നത് നിരാലംബരായ സ്ത്രീകളും കുട്ടികളുമാണെന്നും അവർ കൂട്ടിച്ചേർത്തു. കെ.കെ. ​ശൈലജക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ രംഗത്തുവന്നിരുന്നു. ഹമാസ് 'ഭീകരരെങ്കിൽ' ഇസ്രായേൽ 'കൊടുംഭീകരർ' ആണെന്നായിരുന്നു ജലീൽ ഫേസ്ബുക്കിൽ എഴുതിയത്. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ പറഞ്ഞു.

കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇസ്രയേൽ -ഫലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു.

ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു.യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.


Full View


Tags:    
News Summary - KK Shailaja explains the controversial post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.