അമ്പലപ്പുഴ: കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെ.എം.എം.എൽ കരിമണൽ ഖനനം നടത്തുന്നതെന്ന് തെളിയുന്നു. തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് മണൽ കൊണ്ടുപോകുന്നതിന് കെ.എം.എം.എല്ലിന് അനുമതി നൽകിയിട്ടില്ലെന്ന് ഹൈകോടതി ഉത്തരവ് സൂചിപ്പിക്കുന്നു.
പഞ്ചായത്തിെൻറ സ്റ്റോപ് മെമ്മോ നിലനിൽക്കുകയാണെങ്കിൽ അത് പാലിക്കേണ്ടതാണെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പഞ്ചായത്തിെൻറ നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഹരജിക്കാരനും കെ.എം.എം.എല്ലിനും പഞ്ചായത്തിനും കലക്ടർ നോട്ടീസ് നൽകിയതിനുശേഷം പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് പഠനം നടത്തി 17ന് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
മണൽ കൊണ്ടുപോകാൻ പൊലീസ് സംരക്ഷണത്തിന് കോടതി ഉത്തരവിട്ടില്ലാതിരിക്കെയാണ് കഴിഞ്ഞ ദിവസം ലോറികൾ തടഞ്ഞ ജനപ്രതിനിധികളെ കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസ് ബലപ്രയോഗം നടത്തിയത്.
കരിമണൽ ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിക്കുവേണ്ടി മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എച്ച്. വിജയനാണ് ഹൈകോടതിയെ സമീപിച്ചത്.
വാദം കേട്ട കോടതി പുറക്കാട് ഗ്രാമപഞ്ചായത്തിെൻറ നിർത്തിവെക്കൽ നോട്ടീസ് നിലനിൽക്കുന്നതിനാൽ ഖനനം നിർത്തിവെക്കാൻ ഇടക്കാല ഉത്തരവ് നൽകിയിരുന്നു.
തൊട്ടടുത്ത ദിവസംതന്നെ കോടതിയെ സമീപിച്ച് കേസ് അടിയന്തര പുനഃപരിശോധന നടത്തണമെന്ന് കെ.എം.എം.എല്ലിനുവേണ്ടി സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
കലക്ടര്‍ സ്പിൽവേ സന്ദര്‍ശിച്ചു
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ പൊഴിമുഖത്തെ 260 മീറ്റര്‍ ഭാഗത്തെ ചളിയും മണലും നീക്കാൻ കെ.എം.എം.എല്‍ അധികൃതര്‍ക്ക് കലക്ടര്‍ എ. അലക്സാണ്ടര്‍ നിർദേശം നല്കി. വെള്ളിയാഴ്ച തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് നടപടി. നീരൊഴുക്ക് സുഗമമാക്കുന്നതിന് കൂടാതെ പൊഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന ചളിയും മണലും നീക്കാനും നിർദേശിച്ചു. പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് ഇറിഗേഷന്‍ അധികൃതരോടും നിർദേശിച്ചു. ഒരാഴ്ചക്കകം ചളിയും മണലും നീക്കണമെന്ന് കലക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.