പെരുമ്പാവൂര്‍: കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാമായണ മാസത്തില്‍ ഗ്രന്ഥപീഠങ്ങള് നിര്‍മിച്ച് പുതുവഴിതേടുകയാണ് കൂടാലപ്പാട് സ്വാതി വുഡ് ക്രാഫ്റ്റ്സ് ഉടമ ബേബി ഗോവിന്ദന്. തടിയില്‍ തീര്‍ത്ത പരമ്പരാഗത ഉൽപന്നങ്ങള്ക്ക് വിൽപന കുറഞ്ഞതോടെയാണ് പുതുവഴി തേടിയത്. കര്‍ക്കടകമാസം തുടങ്ങുന്നതിനുമുമ്പേ ഗ്രന്ഥപീഠങ്ങളുടെ നിര്‍മാണത്തിന് തുടക്കമിട്ടിരുന്നു.
രാമായണമാസക്കാലത്ത് ഇതിന് ആവശ്യക്കാരുണ്ടാകുമെന്ന തിരിച്ചറിവിലാണ് പണി തുടങ്ങിയത്. നിലത്ത് പലകയോ പായോ പട്ടുതുണിയോ കരിമ്പടമോ തയാറാക്കി അതിലിരുന്ന് മുമ്പില്‍ സരസ്വതീപീഠം, വ്യാസപീഠം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗ്രന്ഥപീഠത്തില്‍ െവച്ചാണ് പണ്ട് ആചാര്യന്മാര് രാമായണവും മറ്റ് ആധ്യാത്മിക ഗ്രന്ഥങ്ങളും വായിച്ചിരുന്നത്.
പുതിയ തലമുറയെ ഇത്തരം ചിട്ടകള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യംകൂടി ഉദ്യമത്തിന് പിന്നിലുണ്ടെന്ന് കൂവപ്പടി വിശ്വകര്‍മസഭ മുന്‍ പ്രസിഡൻറ് കൂടിയായ ബേബി ഗോവിന്ദൻ പറയുന്നു. വരിയ്ക്കപ്ലാവിന് തടിയിലാണ് ഗ്രന്ഥപീഠങ്ങള് കൂടുതലായി നിര്‍മിക്കുന്നത്. കറവേങ്ങ, തേക്ക്, മഹാഗണി, മരുത്, ഇലഞ്ഞി തുടങ്ങിയവയും ഉപയോഗിക്കുന്നു.
10 അംഗുലം നീളത്തിലും എട്ട് അംഗുലം വീതിയിലും ഒരു അംഗുലം കനത്തിലും തച്ചുശാസ്ത്ര കണക്കിലെ ഉത്തമ അളവിലുള്ള ഗ്രന്ഥപീഠങ്ങള് ഒറ്റത്തടിയിലാണ് പണിതീര്‍ക്കുന്നത്.
തടി വേര്പെടുത്താതെതന്നെ ഉളിയുപയോഗിച്ച് രണ്ടുഭാഗങ്ങളായി മാറ്റുന്ന കൈവേല സൂക്ഷ്മമായി ചെയ്യേണ്ടതാണ്. കോവിഡിനുമുമ്പ് നാല് മരപ്പണിക്കാര്‍ നിത്യവും ജോലിചെയ്തിരുന്ന പണിശാലയില്‍ ഇന്ന് ഇദ്ദേഹം മാത്രമാണുള്ളത്. വ്യത്യസ്ത ആശയങ്ങളും ഉൽപന്നങ്ങളും സ്വന്തം കരവിരുതില്‍ തീര്‍ക്കാമെന്ന ദൃഢനിശ്ചയത്തിലാണ് ഈ 63കാരന്. ഉൽപന്നത്തിന് വിപണി കണ്ടെത്താന്‍ നവമാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.