മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ നടപടി; ഗവർണറെ വിമർശിച്ച് കോടിയേരി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ ഗവർണറുടെ നടപടിയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ വരുന്നതാണെന്നും അതില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തില്‍ പറയുന്നു.  

വര്‍ത്തമാനസമയത്തെ അക്രമ-അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് സമാധാനം ഉറപ്പുവരുത്താനായി ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ സംസ്ഥാന സര്‍ക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്‍റെ പോര്‍മുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്. ഈ വിഷയത്തില്‍ ഉപദേശകന്‍റെ റോള്‍മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയും  ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂര്‍ണവും സൗഹാര്‍ദപരവുമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചക്ക്ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ 'സമണ്‍' ചെയ്തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കി. 

Tags:    
News Summary - Kodiyeri Balakrishnan attacks Governor P Sadasivam's summons Tweet-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.