കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് ആരോപിച്ച് കോഴിക്കോട്ടും പരാതി രജിസ്റ്റർ ചെയ്തു. ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിത്തുലാൽ വ്യാജ ഐ.ഡി കാർഡ് നിർമിച്ചാണ് മത്സരിച്ചതെന്ന് ആരോപിച്ച്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ റിസർച് കോഓഡിനേറ്റർ ഷഹബാസ് വടേരിയാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ജിത്തുലാലിനെ കൂടാതെ വി.ടി. നിഹാൽ, ജെറിൽ ബോസ് എന്നിവരെയും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
മൂവരും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജരേഖകൾ ചമച്ച് ഇലക്ഷൻ പ്രക്രിയകൾ അട്ടിമറിച്ചെന്നാണ് പരാതി. വി.ടി. നിഹാൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ജെറിൽ ബോസ് ജില്ല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചട്ടങ്ങൾ പ്രകാരം 1987 ഒക്ടോബർ അഞ്ചിനും 2005 സെപ്റ്റംബർ അഞ്ചിനും ഇടയിൽ ജനിച്ചവർക്കാണ് യൂത്ത് കോൺഗ്രസ് അംഗത്വത്തിന് യോഗ്യതയുള്ളത്. എന്നാൽ, ജിത്തുലാൽ 1987 ജനുവരി 20ന് ജനിച്ചയാളാണ് എന്ന് അദ്ദേഹത്തിന്റെ പാൻകാർഡിൽനിന്ന് വ്യക്തമാണെന്ന് പരാതിയിൽ പറയുന്നു.
ഇതിൽ തിരുത്തൽ വരുത്തിയാണ് മൊബൈൽ ആപ്ലിക്കേഷൻ വഴി അംഗത്വം എടുത്തത്. ജിത്തുലാൽ മുഖേന മെംബർഷിപ് എടുത്ത അനേകം വ്യക്തികൾ വി.ടി. നിഹാൽ, ജെറിൽ ബോസ് എന്നിവർക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ആയതിനാൽ ഇക്കാര്യത്തിൽ പ്രതികൾക്കെതിരെ വ്യാജരേഖ ചമച്ചതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ജിത്തുലാൽ 593 വോട്ടുകൾ ചേർത്തിട്ടുണ്ടെന്നും ഇതെല്ലാം അസാധുവായി കണക്കാക്കണമെന്നും ഷഹബാസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജിത്തുലാലിന്റെ ജനന തീയതിയുമായി ബന്ധപ്പെട്ട് പരാതി നേരത്തെ ഉയർന്നിരുന്നുവെന്നും അതിൽ കഴമ്പില്ലെന്ന് തെളിഞ്ഞതാണെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷെഹിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.