കോട്ടയം: നിർദിഷ്ട കെ-റെയിൽ പദ്ധതി പൂർണതോതിൽ നടപ്പാക്കിയാലും പ്രയോജനം 95 ലക്ഷം പ്രതിദിന യാത്രക്കാരിൽ ലക്ഷം പേർക്ക് മാത്രം. ചെലവഴിക്കുന്നതാവട്ടെ ലക്ഷം കോടിയോളവും. 63,941 കോടി ചെലവാകുമെന്ന് കെ-റെയിലും 95,000 കോടി ചെലവഴിക്കേണ്ടിവരുമെന്ന് സിസ്ട്രയും 1.25 ലക്ഷം കോടി ചെലവുവരുമെന്ന് നിതി ആയോഗും കണക്കാക്കുന്ന പദ്ധതി ഉപയോഗിക്കാൻ പോകുന്നത് 80,000 യാത്രക്കാർ മാത്രമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജിലുണ്ട്. ക്രിസ്മസ് തലേന്ന് കെ.എസ്.ആർ.ടി.സി 3480 ബസുകൾ 11,69,382 കിലോമീറ്റർ ഓടിച്ച് 16.9 ലക്ഷം യാത്രക്കാരെ കയറ്റിയിറക്കിയിരുന്നു.
കോവിഡിന് മുമ്പ് 4500 കെ.എസ്.ആർ.ടി.സി ബസുകൾ ദിവസവും 18 ലക്ഷം കിലോമീറ്റർ സർവിസ് നടത്തി 22 ലക്ഷം യാത്രികരെ ലക്ഷ്യങ്ങളിൽ എത്തിച്ചിരുന്നു. യാത്രാനിരക്ക് നിർണയം സംബന്ധിച്ച കമ്മിറ്റിക്ക് മുന്നിൽ സ്വകാര്യ ബസുടമകൾ നൽകിയ കണക്കു പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പ്രതിദിനം 73 ലക്ഷം യാത്രക്കാരെ കയറ്റിയിറക്കുന്നു. കേരളത്തിലെ ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ശരാശരി 95 ലക്ഷം ആണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഒരു ശതമാനം മാത്രം വരുന്ന വിഭാഗത്തിനായാണ് കെ-റെയിൽ നടപ്പാക്കുന്നത്.
ആസൂത്രണബോർഡ് കണക്കനുസരിച്ച് സംസ്ഥാനത്ത് 1,41,84,184 വാഹനങ്ങളുണ്ട്. 92,07,398 ഇരുചക്രവാഹനങ്ങളാണ്. 28,96,732 കാറുകളും. 1,43,146 ടാക്സി, 6,96,290 പാസഞ്ചർ ഓട്ടോ തുടങ്ങിയവയുമുണ്ട്. ഇവയിൽ മുക്കാൽഭാഗവും ഇരുചക്രവാഹനങ്ങളിൽ പകുതിയും കാറുകളിൽ മൂന്നിലൊന്നും നിത്യവും റോഡിൽ കാണുമെന്ന് കരുതിയാൽതന്നെ കേരളത്തിലെ റോഡുകളിലായി 63 ലക്ഷം വാഹനങ്ങൾ പ്രതിദിനം ഓടുന്നുണ്ട്. കെ- റെയിൽ നടപ്പായാൽ ഇതിൽ 46,206 വാഹനങ്ങൾ റോഡിൽനിന്ന് ഒഴിവാക്കാം എന്നാണ് പദ്ധതിയെ ന്യായീകരിക്കുന്നവരുടെ വാദം. സംസ്ഥാനത്തെ മുഴുവൻ പേർക്കും പ്രയോജനകരമായ റോഡ് വികസനനിർദേശം അട്ടിമറിച്ചാണ് കെ- റെയിലുമായി മുന്നോട്ടുപോകുന്നത് എന്നതാണ് ഗുരുതരമായ പ്രശ്നം.
2017 മാർച്ചിൽ പിണറായി സർക്കാറിന് സമർപ്പിച്ച 13 ാം പഞ്ചവത്സര പദ്ധതി (2017-22) റോഡ് ട്രാൻസ്പോർട്ട് വർക്കിങ് ഗ്രൂപ് റിപ്പോർട്ടിന്റെ 91ാം പേജിൽ അനുബന്ധം എട്ട് ആയി യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ട റോഡുകളുടെ പേരും ആ റോഡുകളിലൂടെ ഒരു ദിവസം ഓടുന്ന വാഹനങ്ങളുടെ കണക്കും നൽകിയിരുന്നു. ഇടപ്പള്ളി - കളമശ്ശേരി (80,865 വാഹനം), വൈറ്റില - പാലാരിവട്ടം (64,214), ചാലക്കുടി-തൃശൂർ (63,221), തൃപ്പൂണിത്തുറ-ഇരുമ്പനം (54,031), പാലാരിവട്ടം- ഇടപ്പള്ളി (50,612), കരുനാഗപ്പള്ളി -കായംകുളം (45,857), ചേർത്തല- അരൂർ (44,822), അരൂർ -വൈറ്റില (40,966), കൊല്ലം- കരുനാഗപ്പള്ളി (40,238), ഇടപ്പള്ളി- പറവൂർ (39,640) എന്നിവയാണവ. ഇതിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
കേരളത്തിൽ ആകെയുണ്ടെന്ന് ആസൂത്രണബോർഡ് അവകാശപ്പെടുന്ന 3.72 ലക്ഷം കിലോമീറ്റർ റോഡിൽ 3.06 ലക്ഷം കിലോമീറ്ററും ഒറ്റിയടിപ്പാതകളടങ്ങുന്ന പഞ്ചായത്ത് റോഡുകളാണ്. 18,412 കിലോമീറ്റർ മുനിസിപ്പൽ റോഡുകളും 6644 കിലോമീറ്റർ കോർപറേഷൻ റോഡുകളും. 9023 കിലോമീറ്റർ മറ്റ് വകുപ്പുറോഡുകളും 30,305 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളും 1747 കിലോമീറ്റർ ദേശീയപാതകളുമാണ്. പ്രതിദിനം ഓടുന്ന 63 ലക്ഷം വാഹനങ്ങളിൽ 90 ശതമാനം ഉപയോഗിക്കുന്നത് 4068 കിലോമീറ്റർ ദൂരമുള്ള സംസ്ഥാന ഹൈവേകളും 26,237 കിലോമീറ്റർ ദൂരമുള്ള മുഖ്യ ജില്ല റോഡുകളും ദേശീയ പാതകളുമാണ്.
ചുരുക്കത്തിൽ ഒരു കിലോമീറ്റർ സംസ്ഥാന, ജില്ല, ദേശീയപാതകളിൽ ശരാശരി 197 വാഹനങ്ങൾ ഓടുന്നു. ഒരു വാഹനത്തിന് റോഡിൽ ലഭിക്കുന്ന പരമാവധി സ്ഥലം അഞ്ച് മീറ്ററിൽ താഴെ. ഇത്ര ഭയാനകമായ അവസ്ഥയിലാണ് ഒരു ശതമാനത്തിൽ താഴെ മാത്രം വാഹനങ്ങൾ ഒഴിവാക്കാനും 80,000 യാത്രക്കാരെ സഹായിക്കാനുമെന്ന പേരിൽ ലക്ഷം കോടി മുടക്കിയും വ്യാപക കുടിയൊഴിപ്പിക്കൽ നടത്തിയും കെ-റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഈ പണം മുടക്കിയാൽ കേരളത്തിലെ 10,000 കിലോമീറ്റർ ജില്ല, സംസ്ഥാന റോഡുകളെ നാലുവരിപ്പാതയോ ആറുവരി എലിവേറ്റഡ് റോഡോ ആക്കി മാറ്റാം. സംസ്ഥാനത്തെ മുഴുവൻ യാത്രക്കാർക്കും ജനങ്ങൾക്കും ഇത് പ്രയോജനകരമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.