കെ റെയിൽ: തിരുവോണ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസസമരം

തിരുവനന്തപുരം: കെ. റെയിൽ പദ്ധതി പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസസമരം നടത്തുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ എടുത്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കണമെന്നും പൊലീസ് മർദനമത്തിന് ഇരയായിട്ടുള്ളവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം.

വ്യാഴാഴ്ച രാവിലെ 10ന് സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിക്കും. ഫാദർ. യൂജിൻ പേരേര മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്,എം.വിൻസന്റ്, ഡോ. കെ.ജി.താര, ജോസഫ് സി.മാത്യു, സി.ആർ നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, ഡോ.എം.പി.മത്തായി, സി.പി.ജോൺ, ജോസഫ് എം. പുതുശേരി, അഡ്വ.എ.എൻ രാജൻ ബാബു, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ സംസാരിക്കും.

കെ.റയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത് വഴി കേരളം ഒന്നാകെ നേരിടേണ്ടിവരുന്ന ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാർ സർക്കാർ അവഗണിക്കുകയാണ്. പദ്ധതി ബാധിതരും കേരളത്തിലെ രാഷ്ട്രീയ സമൂഹ്യ സാംസ്കാരിക നായകർ ഉൾപ്പെടെയുള്ള പൊതു സമൂഹവും ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കടക്കെണിയിൽ നട്ടം തിരിയുന്ന കേരളത്തിൽ പല മേഖലകളിലും കൃത്യമായി ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാർ ആത്മഹത്യ ചയ്യേണ്ട സാഹചര്യം നിലനിൽക്കുന്നു. സാമ്പത്തിക രംഗത്ത് ഇത്ര ഗുരുതര സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇന്നത്തെ തലമുറക്കോ ഭാവി തലമുറക്കോ യാതൊരു പ്രയോജനവും ഇല്ലാത്തതും നമ്മുടെ സാമ്പത്തിക മേഖലയെ പരിപൂർണ്ണമായി തകിടം മറിക്കുന്നതുമായ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

പദ്ധതിയുടെ തുടർ നടപടികൾ കേന്ദ്ര അനുമതിക്ക് വിധേയം എന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കുകയും ഒപ്പം കേന്ദ്രജൻസികളെ സ്വാധീനിച്ചു കുറുക്കു വഴികളിലൂടെ പദ്ധതിക്ക് അനുകൂലമായ ഉത്തരവ് ലഭ്യമാക്കുവാനുമാണ് സർക്കാർ ശ്രമം. കർണാടക. തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും എന്ന തരത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനവും എങ്ങനെയെങ്കിലും കേന്ദ്ര അനുമതി നേടിയെടുക്കുക എന്ന കുടിലതന്ത്രത്തിന്റെ ഭാഗമാണ്.

76ശതമാനം സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് പിന്നിൽ, നമ്മുടെ ഭൂമി, കോർപറേറ്റുകൾക്ക് പണയപ്പെടുത്തി സാമ്പത്തികനേട്ടം ഉണ്ടാക്കുക എന്ന ഹിഡൻ അജണ്ടയാണുള്ളത്.

സമര സമിതിയും വിഷയ വിദഗ്ധരുമെല്ലാം മുന്നോട്ടുവച്ച വസ്തുതകളെ സാധൂകരിക്കുന്നതാണ് തിങ്കാളാഴ്ച സർക്കാർ പുറത്തുവിട്ട റൈറ്റ്സിന്റെ എസ്റ്റിമേറ്റ് ഓഡിറ്റ് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും ഈ റിപ്പോർട്ട് പുറത്ത വിടാതിരിക്കാൻ അധികാരികൾ പരമാവധി ശ്രമം നടത്തി എന്നതും രൂഹത വർധിപ്പിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, കെ.ശൈവപ്രസാദ്, രാമചന്ദ്രൻ കരവാരം, എ.ഷൈജു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - K.Rail: Fasting in front of Secretariat on Thiruvona day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.