'ഷോക്കടിച്ച്' കെ.എസ്.ഇ.ബി

കൊച്ചി: ആസ്തിയുടെ നാലിലൊന്ന് കടവും അഞ്ച് വർഷത്തിനിടെ 4660.63 കോടി നഷ്ടവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. 36,530.64 കോടിയാണ് ആസ്തി. എന്നാൽ 9056.71 കോടിയുടെ കടബാധ്യതയിലാണ് ബോർഡ്. 2016-17 സാമ്പത്തിക വർഷത്തിൽ 1494.63 കോടി നഷ്ടത്തിലായിരുന്ന കെ.എസ്.ഇ.ബി പിന്നീടുള്ള മൂന്ന് വർഷം നഷ്ടം കുറച്ചുകൊണ്ടുവന്നു.

എന്നാൽ, 2020-21 വർഷമായപ്പോൾ നഷ്ടം വീണ്ടും വർധിച്ച് 1822.35 കോടിയിലെത്തിയിരിക്കുകയാണെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കളിൽനിന്ന് വൻ തുക കുടിശ്ശിക ഇനത്തിൽ ലഭിക്കാനുമുണ്ട്. ഇത് തിരിച്ചുപിടിക്കാനാകാത്തതാണ് പ്രധാന പ്രതിസന്ധികളിലൊന്ന്.

വാണിജ്യ ഉപഭോക്താക്കൾ ആകെ വരുത്തിയ കുടിശ്ശിക 1121.23 കോടിയാണ്. ഇക്കൂട്ടത്തിൽ 20 കോമേഴ്സ്യൽ ഉപഭോക്താക്കൾ മാത്രം 422.49 കോടി അടക്കാനുണ്ട്. ഏറ്റവും ഉയർന്ന തുകയായ 67.51 കോടി അടക്കാനുള്ളത് സിലിക്കൺ മെറ്റലർജിക് ലിമിറ്റഡ് ആണ്. ഇൻഡ്സിൽ ഇലക്രോമെൽറ്റ്സ് ലിമിറ്റഡ് 50.60, ബിനാനി സിങ്ക് 45.49 കോടി, ഹൈടെക് ഇലക്ട്രിക് ആൻഡ് ഹൈഡ്രോ പവർ ലിമിറ്റഡ് 37.30 കോടി, ട്രാവൻകൂർ റയോൺസ് 27.97 കോടി, ബിനാനിപുരം സ്റ്റീൽസ് 23.17 കോടി, ശിവ സ്റ്റീൽ റീറോളിങ് മിൽസ് 15.98 കോടി എന്നിങ്ങനെ നീളുന്ന കുടിശ്ശികയുടെ നിര. പൊതുമേഖല സ്ഥാപനങ്ങൾ ആകെ വരുത്തിയ കുടിശ്ശിക 994.81 കോടിയാണ്. ഇതിൽ ഏറ്റവും കൂടുതൽ അടക്കാനുള്ളത് ഓട്ടോകാസ്റ്റ് ലിമിറ്റഡ് ആണ്- 49.42 കോടി. കേരള സെറാമിക് ലിമിറ്റഡ് 25.42 കോടി, മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ 9.42 കോടി, ട്രാൻവൻകൂർ കൊച്ചിൻ കെമിക്കൽസ് 5.55 കോടി, എടരിക്കോട് ടെക്സ്റ്റൈൽസ് 5.5 കോടി, സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ് 4.72 കോടി, കുണ്ടറ അലിൻഡ് 3.8 കോടി എന്നിങ്ങനെ പോകുന്നു പട്ടിക. ബോർഡിൽ 26597 സ്ഥിരം ജീവനക്കാരാണുള്ളത്. 

Tags:    
News Summary - KSEB 'shocked'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.