തിരുവനന്തപുരം: സുപ്രീംകോടതിവിധി കണക്കിലെടുത്ത് കെ.എസ്.ആര്.ടി.സിയിലെ എംപാനൽ ഡ്രൈവര്‍മാരെ ജോലിയില്‍നിന്ന് ഒഴിവാക്കാനും ശേഷം ഇവര്‍ക്ക് തന്നെ നിയമാനുസൃതമായ താൽ ക്കാലിക നിയമനം നല്‍കാനും ആലോചന. എംപാനല്‍ കണ്ടക്ടര്‍മാരെ പുനർവിന്യസിച്ച രീതി ഡ്രൈ വർമാരുടെ കാര്യത്തിലും പരിഗണിക്കും. താൽക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതിന് ജൂണ്‍ 30 വരെ സുപ്രീംകോടതി സാവകാശം അനുവദിച്ചത് മാനേജ്മെൻറിന് ആശ്വാസമേകുന്നുണ്ട്. ജീവനക്കാരുടെ ക്ഷാമം കാരണം ബസ് മുടങ്ങാതെ ക്രമീകരണം നടത്താനുള്ള സാവകാശം ലഭിച്ചിട്ടുണ്ട്. ഡ്രൈവർമാരെ പൂർണമായും ഒഴിവാക്കുന്നത് 700 ഒാളം സർവിസുകളെ ബാധിക്കുമെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ.
താൽക്കാലിക ഡ്രൈവര്‍മാരെ നിലനിര്‍ത്തിയിരുന്ന രീതിയെയാണ് കോടതി വിമര്‍ശിച്ചതെന്നാണ് വിലയിരുത്തല്‍. താൽക്കാലിക നിയമനമാണെങ്കില്‍ 179 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി നല്കാന് പാടില്ലെന്നാണ് വ്യവസ്ഥ. 179 ദിവസത്തിനു ശേഷം ഒരു ദിവസം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്താം. അതിനു ശേഷം വീണ്ടും അവരെ തന്നെയോ പുതിയ പട്ടികയില്‍ നിന്നോ 179 ദിവസത്തേക്ക് നിയമനം നടത്താം. താൽക്കാലിക ജീവനക്കാരെ കാലാവധി കഴിയുമ്പോള്‍ ഒരു ദിവസം മാറ്റി നിര്‍ത്തണമെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് നിര്‍ദേശം നല്കിട്ടുണ്ട്. എന്നാല്‍, താൽക്കാലിക ജീവനക്കാരെ തുടര്‍ച്ചയായി ജോലിക്ക് നിയോഗിക്കുന്ന നിലവിലെ രീതി ഇനിയുണ്ടാകില്ല.
പുതിയ സ്ഥിരനിയമനം സാധ്യമല്ലെന്ന രീതിയാണ് മാനേജ്മെൻറിനുള്ളത്. കെ.എസ്.ആർ.ടി.സിയിൽ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇത് കുറക്കുന്നതിന് സ്ഥിരം നിയമനങ്ങൾ കുറക്കണമെന്നുമാണ് സുശീൽ ഖന്ന നിർദേശിച്ചിട്ടുള്ളത്. ഒഴിവുകളുണ്ടെങ്കിലും സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ മാത്രം നികത്തിയാൽ മതിയെന്ന സമീപകാലത്തെ സുപ്രീംകോടതിവിധി നിലനിൽക്കുന്നുണ്ട്. ഇവ രണ്ടും കണക്കിലെടുത്താണ് സ്ഥിരം നിയമനം വേണ്ടെന്ന നിലപാട്. ബസുകള്‍ക്ക് അനുസൃതമായി തസ്തിക കണക്കിലെടുത്താല്‍ 13,750 ഡ്രൈവര്‍മാരാണ് വേണ്ടത്. എന്നാല്‍, സ്ഥിരം ഡ്രൈവര്‍മാര്‍തന്നെ 13,780 പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.