തിരുവനന്തപുരം: മാപ്പുപറഞ്ഞും കർശന നടപടിയെടുത്തും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് പരിശ്രമങ്ങളിൽ കരിനിഴലായി ജീവനക്കാർക്കെതിരെ അടിക്കടി ഉയരുന്ന പരാതികൾ. കഴിഞ്ഞ ഒന്നര മാസത്തിനിടെ 400 ഓളം പരാതികളാണ് ജീവനക്കാർക്കെതിരെ ലഭിച്ചത്.പലതും ടിക്കറ്റ് ബാക്കിയും ചില്ലറയും സംബന്ധിച്ച നിസ്സാരമാണെങ്കിലും മോശം പെരുമാറ്റങ്ങളുടേതും കുറവല്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനേജ്മെന്‍റ് ഗൗരവത്തോടെയാണ് പരാതികൾ കാണുന്നത്.
ഡിപ്പോ തലത്തിലെ താക്കീതുകളിലും മുന്നറിയിപ്പുകളിലും പരിമിതപ്പെടുന്ന നടപടികളും ഏറെ. ചില്ലറയുടെ കാര്യത്തിൽ സംയമനത്തോടെ കൈകാര്യം ചെയ്താൽ വേഗം പരിഹരിക്കാമെന്നിരിക്കെ കാർക്കശ്യത്തോടെയുള്ള ഒരു വിഭാഗം കണ്ടക്ടർമാരുടെ പെരുമാറ്റം പലപ്പോഴും ബസിനുള്ളിൽ വാക്കേറ്റത്തിനും പരാതിക്കും ഇടയാക്കുന്നുണ്ട്.
ഇത്തരം ചെറുപരാതികളിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിനും സി.എം.ഡിക്കുമെല്ലാം പരാതി അയക്കുന്നവരും നിരവധി. സ്ഥാപനത്തിന്‍റെ പ്രതിസന്ധിക്ക് കാരണം ഒരു വിഭാഗം ജീവനക്കാരാണെന്ന ധാരണയും ഇത് മനസ്സിൽ വെച്ചുള്ള യാത്രക്കാരുടെ പെരുമാറ്റവുമെല്ലാം പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. മറുഭാഗത്ത് നിസ്സാര തര്‍ക്കങ്ങള്‍ക്കിടെപ്പോലും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങളുണ്ടായാല്‍ ജീവനക്കാരും പ്രകോപിതരാകുന്നു.
വ്യത്യസ്തമായ തൊഴിൽസാഹചര്യമാണ് ബസ് ജോലിക്ക് വേണ്ടതെങ്കിലും അതിന് അനുയോജ്യമായല്ല കെ.എസ്.ആര്‍.ടി.സിയിലെ റിക്രൂട്ട്മെന്‍റ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ചേര്‍ന്ന ജോലിയും തൊഴില്‍ അന്തരീക്ഷവുമല്ല സ്ഥാപനത്തില്‍ ഇന്നുള്ളത്. നാലും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. സിംഗിള്‍ഡ്യൂട്ടി സംവിധാനത്തില്‍ ആഴ്ചയില്‍ ആറുദിവസവും ജോലിക്ക് വരേണ്ടിവരുമെന്നുള്ളതും ജീവനക്കാരില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
ശാരീരികാധ്വാനം വേണ്ടതാണ് ബസിലെ ജോലി. അതിരാവിലെ ജോലിക്ക് കയറിയാൽ രാത്രി വൈകിയാണ് ഡ്യൂട്ടി തീരുക. തമിഴ്‌നാട്, കര്‍ണാടക കോര്‍പറേഷനുകള്‍ വിദ്യാഭ്യാസ യോഗ്യതയെക്കാളേറെ ബസിലെ ജോലിക്ക് താൽപര്യമുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. യാത്രക്കാരെ വിളിച്ചുകയറ്റാനും സഹായിക്കാനുമൊക്കെ ഇവര്‍ കാണിക്കുന്ന താൽപര്യം ഇതിന് തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.