കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി തിങ്കളാഴ്ച മുതൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ നാല് സർവിസാണ് നടത്തുക. കോഴിക്കോട് നിന്നും കരിപ്പൂർ വഴി പാലക്കാട്ടേക്കും തിരിച്ചും രണ്ട് വീതം മൊത്തം നാലു സർവിസുകളാണ് ഉണ്ടാവുക. കരിപ്പൂരിൽ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ ഈ സമയത്തായിരിക്കും ബസുണ്ടാവുക.
അഞ്ചു മിനിറ്റ് സമയമാണ് ബസ് വിമാനത്താവളത്തിൽ നിർത്തിയിടുക. സെപ്റ്റംബർ 14ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ബസ് ഓടിക്കാൻ തീരുമാനിച്ചത്. ഇതിന്‍റെ തുടർച്ചയായി നവംബർ രണ്ടിന് കരിപ്പൂരിൽ യോഗം ചേർന്ന് സമയക്രമം തീരുമാനിച്ചു. കോഴിക്കോട്, പാലക്കാട് ഡിപ്പോകളുടെ രണ്ട് വീതം ബസുകളാണ് ഇതിന് ഉപയോഗിക്കുക.
സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എൽ.എ നേരത്തെ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വകുപ്പ് തല പരിശോധനക്ക് ശേഷമാണ് രണ്ട് സർവിസ് നടത്താൻ ധാരണയായത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ വിവിധ ഇടങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക് സർവിസ് ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കോവിഡിന് മുമ്പ് കാസർകോട് നിന്നും കരിപ്പൂരിലേക്ക് രാത്രിയിൽ ഒരു സർവിസുണ്ടായിരുന്നു. നിരവധി പ്രവാസികൾ ആശ്രയിച്ചിരുന്ന സർവിസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നിലവിൽ ഈ ബസ് കാസർകോട് നിന്നും കോഴിക്കോട് വരെ മാത്രമാണ് ഓടുന്നത്. ഇത് കരിപ്പൂരിലേക്ക് നീട്ടണമെന്നാണ് ആവശ്യം. കൂടാതെ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും സർവിസ് ആരംഭിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.