തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് അവസാന മിനിറ്റിൽ പിൻവലിച്ചു. പണിമുടക്കിന് മുന്നോടിയായുള്ള പ്രതിഷേധ പരിപാടികളെല്ലാം പൂർത്തിയാക്കിയശേഷമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പിൻവലിക്കാൻ അടിയന്തര തീരുമാനം കൈക്കൊണ്ടത്.
തലസ്ഥാന ജില്ലയിലെ എട്ട് യൂനിറ്റുകളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കാരം ഒരു യൂനിറ്റിലേക്ക് ചുരുക്കുകയും ആ യൂനിറ്റിലെതന്നെ നിയമവിരുദ്ധ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ടി.ഡി.എഫ് ഭാരവാഹികൾ വിശദീകരിച്ചു.
എന്നാൽ, പണിമുടക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്െമന്‍റ് മുന്നറിയിപ്പ് നൽകുകയും സർവിസ് മുടക്കം തടയാൻ താൽക്കാലിക ജീവനക്കാരെ വിന്യസിക്കലടക്കം ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ടി.ഡി.എഫിെന്‍റ പിന്മാറ്റം. പണിമുടക്കുന്നവർക്ക് സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.