കൊച്ചി: കഠിനാധ്വാനം ചെയ്തിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതി ദയനീയമെന്ന് ഹൈകോടതി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത കെ.എസ്.ആർ.ടി.സി നടപടി പരാമർശിച്ചാണ് ഹൈകോടതിയുടെ വിമർശനം. ഹരജി വീണ്ടും പരിഗണിക്കുന്ന ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ഓൺലൈനിൽ മുഖേന ഹാജരായി വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ശമ്പളം കൃത്യമായി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജീവനക്കാർ നന്നായി ജോലി ചെയ്തിട്ടും പ്രതിമാസം 220 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിട്ടും കെ.എസ്.ആർ.ടി.സി ഈ സ്ഥിതിയിൽ എത്തിയത എങ്ങനെയെന്ന് കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബാധ്യത പൂർണമായി ഏറ്റെടുക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ എങ്ങനെയാകും ഇനി മുന്നോട്ടുപോകുക? കോടതി നൽകിയ നിർദേശങ്ങളെല്ലാം ബധിരകർണങ്ങളിലാണ് പതിക്കുന്നത്. ഒരു വർഷത്തിലേറെയായി കോടതി ഈ വിഷയം പരിഗണിക്കുന്നു. ഇങ്ങനെ ഇനിയും തുടരാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നാണ് 20ന് മുമ്പ് ശമ്പളം നൽകാനായില്ലെങ്കിൽ എം.ഡി ഹാജരാകാൻ ആവശ്യപ്പെട്ടത്.
സർക്കാറിനോട് സഹായം തേടിയിട്ടുണ്ടെന്നും 30 കോടി ഉടൻ ലഭിക്കാൻ സാധ്യതയുണ്ടെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷക അറിയിച്ചു. ഉടൻതന്നെ ഈ തുക ശമ്പളത്തിനായി വിനിയോഗിക്കണമെന്ന് കോടതി നിർദേശിച്ചു. ശമ്പളം നൽകും മുമ്പ് മുൻ ബാധ്യതകൾ തീർക്കാനുണ്ടായിരിക്കാം. എന്നാൽ, അങ്ങനെ ചെയ്യുന്നത് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവിന്റെ ലംഘനമാവരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.