കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച് വീണ്ടും കെ.ടി ജലീൽ എം.എൽ.എ. സിസ്റ്റർ അഭയ കേസിന്‍റെ മൊഴി ചൂണ്ടിക്കാട്ടിയാണ് ലോകായുക്തക്കെതിരായ ജലീൽ പുതിയ ആരോപണം ഉന്നയിക്കുന്നത്. ബാംഗ്ലൂർ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തിയ അന്നത്തെ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന സിറിയക് ജോസഫ് പ്രതികളുടെ നാർകോ ടെസ്റ്റിന്‍റെ വിശദാംശങ്ങൾ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന ഡോ. എസ്. മാലിനിയോട് ചോദിച്ചറിഞ്ഞെന്നാണ് ജലീൽ ആരോപിക്കുന്നത്. ഇതിനായി ഡോ. മാലിനി നൽകിയ മൊഴിയുടെ പകർപ്പും ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
"പാപത്തിന്‍റെ ശമ്പളം വരുന്നതേയുള്ളൂ"
അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്‍റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ "കഥാപുരുഷൻ ഏമാന്‍റെ " ഭാര്യയുടെ സഹോദരിയെയാണ്. (ജോമോൻ പുത്തൻപുരക്കലിനോട് കടപ്പാട്)
തന്‍റെ ബന്ധു ഉൾപ്പടെയുളളവർ നടത്തിയ നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫോറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി.
അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന ഡോ. എസ്. മാലിനി സി.ബി.ഐ അഡീഷണൽ എസ്.പി നന്ദകുമാർ നായർക്ക് നൽകിയ മൊഴിയുടെ പൂർണ രൂപമാണ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നത്. പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാരഗ്രാഫിന്‍റെ ആദ്യ വാചകത്തിന്‍റെ മലയാള പരിഭാഷയാണ് താഴെ.
"കർണാടക ഹൈകോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാംഗ്ലൂർ എഫ്.എസ്.എല്ലിൽ ഞങ്ങളെ സന്ദർശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്നുപേർ ഉൾപ്പെടെയുള്ളവരിൽ (അതയാത് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി) ഞാൻ നടത്തിയ നാർക്കോ അനാലിസിസിന്‍റെ വിശദാംശങ്ങൾ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തിരുന്നുവെന്ന സത്യം താങ്കളിൽ ആശ്ചര്യമുളവാക്കിയേക്കാം. ഇത് 30.06.2009ന് ഞാൻ താങ്കൾക്ക് നൽകിയ മൊഴിയിലുണ്ട്"
തെളിവ് സഹിതം ഞാൻ മുന്നോട്ടുവെച്ച വാദങ്ങൾക്കൊന്നും പ്രതിപക്ഷ നേതാവോ മുൻ പ്രതിപക്ഷ നേതാവോ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ല. ഇക്കാര്യത്തിൽ ഒരു തുറന്ന സംവാദത്തിന് യു.ഡി.എഫ് നേതാക്കളായ മേൽപ്പറഞ്ഞവരിൽ ആരെങ്കിലും തയ്യാറുണ്ടോ?
എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്‍റെ അകവും പുറവും അറിയുന്ന മുൻ ചീഫ് വിപ്പ് പി.സി. ജോർജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.