തൊടുപുഴ: കിടന്നുറങ്ങിയ വീടിനെ മെല്ലെയൊന്ന് തൊട്ട് ദുരന്തം വഴിമാറിയതിന്‍റെ ആശ്വാസത്തിനിടയിലും കൺമുന്നിൽ ഒരു കുടുംബം ഇല്ലാതായതിന്‍റെ ഞെട്ടലിലും ഭീതിയിലുമാണ് സലീമും ഭാര്യ ഷാജിദയും. കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ച സോമന്‍റെ വീടിന്‍റെ ഏറ്റവും തൊട്ടടുത്ത വീട്ടിലെ താമസക്കാരനാണ് തോട്ടുംകരയിൽ സലീം.
വീടിനു പിന്നിൽ ഉരുണ്ടെത്തിയ പാറക്കല്ല് മരത്തിൽ തട്ടിനിന്നതും മലവെള്ളപ്പാച്ചിൽ വഴിമാറിയതുമാണ് മറ്റ് നിരവധി കുടുംബങ്ങൾക്കെന്ന പോലെ സലീമിനും രക്ഷയായത്.
സലീം, ഭാര്യ ഷാജിദ, മക്കളായ ആഷ്ന, ആഷ്മി, ആഷിൻ, ഷാജിദയുടെ മാതാവ് പരീതുമ്മ എന്നിവരാണ് ഷീറ്റുമേഞ്ഞ രണ്ട് മുറി വീട്ടിൽ താമസം. സംഭവത്തെക്കുറിച്ച് വിവരിച്ചപ്പോൾ പലപ്പോഴും സലീമിന്‍റെ വാക്കുകൾ വിറച്ചു. രാത്രി പ്രദേശത്ത് ശക്തമായ മഴയായിരുന്നു.
വൈദ്യുതി ഉണ്ടായിരുന്നില്ല. പുലർച്ച ഒരു മണിക്ക് ഉണർന്ന സലീമിന് പേടിപ്പെടുത്തുന്ന മഴകണ്ട് ഉറങ്ങാനായില്ല. രണ്ട് മണിയോടടുത്തപ്പോൾ മുകൾഭാഗത്തുനിന്ന് വെടിമരുന്നിന്‍റെ ഗന്ധത്തിനൊപ്പം ഭൂമി കുലുങ്ങിമറിയുന്നതുപോലെ വൻ ശബ്ദവും കേട്ടു. വീടിനു പിൻഭാഗത്തെ പനയും തേക്കും ആഞ്ഞിലിയുമെല്ലാം അപ്പോഴേക്കും ഒടിഞ്ഞുവീണ് തുടങ്ങിയിരുന്നു.
ഉടൻ വീട്ടുകാരെ സമീപത്തെ മറ്റൊരു വീട്ടിൽ കൊണ്ടുചെന്നാക്കി. തിരിച്ചെത്തിയ സലീം സോമന്‍റെ വീടിരുന്ന ഭാഗത്തേക്ക് ടോർച്ച് തെളിച്ച് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു. ആ കാഴ്ച ഞെട്ടിക്കുന്നതായിരുന്നു എന്ന് സലീം പറയുന്നു. സലീമിന്‍റെ വീടിന്‍റെ ശുചിമുറിക്കുള്ളിൽ വരെ മണ്ണും കല്ലും മരങ്ങളും വന്നടിഞ്ഞിട്ടുണ്ട്. അടുക്കളയുടെ മേൽക്കൂര പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.