കുണ്ടറ: വിധവയായ വീട്ടമ്മയെ കത്തികാട്ടി ബലാത്സംഗം ചെയ്യുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി അംഗം പി. രമേശ്കുമാറിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ജില്ല സെക്രട്ടറി സുദേവൻ അടിയന്തരമായി വിളിച്ചുചേർത്ത ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.
പാർട്ടിക്ക് അപകീർത്തിയുണ്ടാക്കിയ സാഹചര്യങ്ങൾ അന്വേഷിക്കാൻ മുൻ ഏരിയ സെക്രട്ടറി പി. ഗോപിനാഥൻപിള്ള, മുൻ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്ബാബു എന്നിവർ ഉൾപ്പെട്ട അന്വേഷണ കമീഷനെ കമ്മിറ്റി ചുമതലപ്പെടുത്തി. മറ്റൊരു ഏരിയ കമിറ്റി അംഗം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതും അത് ഏരിയ നേതൃത്വം ഇടപെട്ട് ഒതുക്കിതീർത്തതുമായ സംഭവം കമിറ്റിയിൽ ഉന്നയിച്ചെങ്കിലും അത് വിശദചർച്ചക്കായി മാറ്റി.
വെള്ളിയാഴ്ച വൈകീട്ട് ചേർന്ന അടിയന്തര ഏരിയ കമ്മിറ്റിയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും പങ്കെടുത്തു. ആരോപണങ്ങൾ പ്രതിരോധിക്കാൻ രമേശ്കുമാറിനായില്ലെന്നാണ് വിവരം. ആരോപണവിധേയനായ രമേശ്കുമാറിനെ പിന്തുണക്കാൻ ഡി.വൈ.എഫ്.ഐ നേതാവ് നടത്തിയ ശ്രമവും വിലപ്പോയില്ല. പണം വാങ്ങിയതും ഉറപ്പിനായി ചെക്കുകൾ നൽകിയതും കമ്മിറ്റിയിൽ രമേശ്കുമാർ സമ്മതിച്ചതായാണ് വിവരം. പ്രശ്നപരിഹാരത്തിനായി ഏരിയ നേതൃത്വത്തെ ഇര സമീപിച്ചപ്പോൾ പ്രശ്നം പരിഹരിക്കാതിരുന്ന നിലപാട് പാർട്ടിക്ക് അപമാനമുണ്ടാക്കിയതായി ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പാർട്ടി കൈവിട്ടെങ്കിലും ചില നേതാക്കൾ ഇപ്പോഴും പ്രതിയെ സഹായിക്കാൻ പൊലീസുമായി ബന്ധപ്പെടുന്നതായും ആക്ഷേപമുണ്ട്. പാർട്ടിയുടെ പരസ്യ പിന്തുണ നഷ്ടപ്പെട്ട സ്ഥിതിക്ക് രമേശ്കുമാർ അടുത്ത ദിവസങ്ങളിൽ പൊലീസിന് കീഴടങ്ങാനാണ് സാധ്യത. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിലെ പ്രതി, പൊലീസ് സ്റ്റേഷന് 500 മീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന പാർട്ടി ഓഫിസിൽ നടന്ന യോഗത്തിൽ മന്ത്രിയോടൊപ്പം പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാതിരുന്നത് കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. അതീവരഹസ്യമായി അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് ശ്രമിക്കുന്നതായും സൂചനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.