കുണ്ടറ: 10 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ കുട്ടിയുടെ മാതൃപിതാവിനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. തിങ്കളാഴ്ച രാവിലെ 9.30ഓടെ വൻ പൊലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. ബാലികയെ പീഡനത്തിനിരയാക്കിയ വീട്ടിലും പ്രതിയും ഭാര്യയും മകനും മരുമകളും താമസിക്കുന്ന വീട്ടിലും തെളിവെടുപ്പ് നടത്തി.
പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി. പ്രതിയെ പൊലീസ് ജീപ്പിൽനിന്നിറക്കിയപ്പോഴും വീട്ടിൽനിന്ന് ജീപ്പിലേക്ക് കയറ്റാൻ തുടങ്ങിയപ്പോഴും ജനം അസഭ്യവർഷവുമായി അടിക്കാൻ പാഞ്ഞടുത്തു. പൊലീസ് ശക്തമായ വലയം തീർത്തെങ്കിലും പ്രതിക്ക് രണ്ട് തല്ലുകിട്ടി. അരമണിക്കൂർകൊണ്ട് നടപടി പൂർത്തിയാക്കി പ്രതിയെ കൊട്ടാരക്കരക്ക് കൊണ്ടുപോയി വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി. ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, എഴുകോൺ സി.ഐ ടി. ബിനുകുമാർ, എസ്.ഐമാരായ അനിൽകുമാർ, അരുൺദേവ്, രവികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരി 15നാണ് ബാലികയെ വീടിെൻറ ജനാലക്കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ കുണ്ടറ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ബാലിക മരിച്ച് രണ്ടുമാസം തികയുന്ന മാർച്ച് 15ന് വിവിധ രാഷ്ട്രീയപാർട്ടികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് നടത്തിയ സമരത്തെ തുടർന്നാണ് കേസന്വേഷണം ഉൗർജിതമായത്. മാതാവടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്ത് മൂന്നുദിവസം ചോദ്യം ചെയ്തിട്ടും അന്വേഷണവുമായി സഹകരിച്ചില്ല. തുടർന്ന് പൊലീസ് കോടതിയിൽ നുണപരിശോധനക്ക് അപേക്ഷ നൽകുകയും കോടതി നോട്ടീസ് അയക്കുകയും ചെയ്തതോടെ പ്രതിയുടെ ഭാര്യയാണ് പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് മാതാവും ചൈൽഡ്ലൈനിലെ കൗൺസിലിങ്ങിനിടെ മരിച്ച കുട്ടിയുടെ സഹോദരിയും സമാന മൊഴി നൽകുകയായിരുന്നു.
കുറ്റം സമ്മതിച്ച ശേഷം ‘ഞാനൊരു പ്രതിയെ നിങ്ങൾക്ക് തരാം, കേസും ഞാൻ വാദിച്ചുകൊള്ളാം, എന്നെ ഒഴിവാക്കൂ. എത്ര പണം വേണമെങ്കിലും ചെലവാക്കാം’ എന്ന് ഉദ്യോഗസ്ഥരെ പ്രലോഭിപ്പിക്കാനും ഇയാൾ ശ്രമിച്ചെത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.