പുലാമന്തോൾ: കുന്തിപ്പുഴ പുലാമന്തോൾ തോണിക്കടവിലെ അപകടമരണങ്ങൾക്കറുതിയാവുന്നില്ല. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പെരിന്തൽമണ്ണ അലീഗഢ് ഓഫ് കാമ്പസിലെ മൂന്നാം വർഷ നിയമവിദ്യാർഥിയും ഉത്തർപ്രദേശ് അലീഗഢ് സ്വദേശിയുമായ അരീബ് ഹസനാണ് (23) മരിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നിന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
കൂട്ടുകാരായ ഋഥിക്, സഊദ് എന്നിവർക്കൊപ്പം വെള്ളിയാഴ്ച വൈകീട്ട് കുന്തിപ്പുഴ പുലാമന്തോൾ തടയണക്കരികെ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ വിനോദത്തിനായി തടയണ പ്ലാറ്റ്ഫോമിൽനിന്ന് മീൻപിടിക്കാനുള്ള ശ്രമത്തിൽ കാൽ വഴുതി താഴെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.15 മുതൽ 20 അടിവരെ ആഴമുണ്ടെന്ന് പറയുന്ന കയത്തിലേക്കായിരുന്നു വീഴ്ച. കൂടെയുണ്ടായിരുന്നവർ ബഹളംെവച്ചതോടെ പരിസരത്ത് കളിക്കാനും മറ്റും എത്തിയവരാണ് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കയത്തിൽനിന്ന് പൊക്കിയെടുത്ത് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പുലാമന്തോൾ കുന്തിപ്പുഴ തടയണക്ക് താഴെ ഇതേസ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ പട്ടാമ്പിയിൽനിന്ന് ജോലികഴിഞ്ഞ് കുളിക്കാനെത്തിയ തമിഴ്നാട് സ്വദേശിയാണ് അവസാനമായി മുങ്ങിമരിച്ചത്.
ഈ ഭാഗത്ത് 15 അടിയിലധികം വെള്ളമുണ്ടെന്നും കുന്നുപോലെ മൂടിക്കിടക്കുന്ന പൊടിമണലിൽ അകപ്പെട്ടാൽ നീന്തൽ വശമുള്ളവർക്കുപോലും രക്ഷപ്പെടാനാവില്ലെന്നും തമിഴ്നാട് സ്വദേശിയെ മുങ്ങിയെടുക്കാൻ പുഴയിലിറങ്ങിയ ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു. എന്നാൽ, അപകടങ്ങൾ തുടരുമ്പോഴും ഇവിടെ മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടിപോലും ബന്ധപ്പെട്ട അധികൃതർ കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.