കട്ടിപ്പാറ(കോഴിക്കോട്): കരിഞ്ചോലയിലെ ദുരന്തത്തില്‍ ബാക്കിയുള്ള മൃതദേഹങ്ങള്‍ കെണ്ടത്താനായി ഡല്‍ഹിയില്‍നിന്നുള്ള സംഘം എത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് പാര്സന് ഓവര്‍സീസ് എന്ന സ്വകാര്യ കമ്പനിയിലെ ജിയോഫിസിക്കല്‍ സര്‍വേ സംഘം എത്തിയത്. മണ്ണിനടിയില്‍ 30 മീറ്റര്‍ വരെ ആഴത്തിലുള്ള വസ്തുക്കളെ ഇത്തരം റഡാറിലൂടെ കാണാന്‍ കഴിയും. ആര്.എസ്. രഞ്ജിത്ത്, എം.ജെ. ദ്വിവേദി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഭൂമിക്കടിയില്‍ സര്‍വേ നടത്തുന്ന ഇൗ കമ്പനി യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനിലടക്കം ജിയോ ഫിസിക്കല്‍ സര്‍വേ നടത്തിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമ്പോള്‍ കമ്പനിയെയാണ് അധികൃതര്‍ ആശ്രയിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് രാവിലെ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ടംഗ സംഘം കരിഞ്ചോലയില്‍ ഉച്ചക്ക് 12 മണിക്കാണ് എത്തിയത്. 12.15 മുതൽ ഇവര്‍ പ്രദേശം അരിച്ചുപെറുക്കി. അബ്ദുറഹ്മാെൻറ ഭാര്യയുടെ ശരീരം തേടി അവരുടെ വീട് നിന്ന ഭാഗത്തും സമീപത്തുമാണ് ആദ്യം റഡാര്‍ സ്കാനിങ് പരിശോധന നടത്തിയത്. ഇവര്‍ പരിശോധന തുടങ്ങിയതോടെ മുകള്‍ഭാഗത്ത് മറ്റുള്ളവരുടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു.
താഴേ ഭാഗത്തുള്ള പരിശോധനയില്‍ ഡോഗ് സ്ക്വാഡിലെ നായ്ക്കളുണ്ടായിരുന്നു. താഴേ ഭാഗത്തു വെച്ചാണ് കരിഞ്ചോല ഹസെൻറ ഭാര്യ ആസ്യയുടെ മൃതദേഹം ലഭിച്ചത്. ഇനി കണ്ടെത്താനുള്ള സൈനബയുള്ള ഭാഗം ഏകദേശം മനസ്സിലായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെത്തന്നെ ഇത് കണ്ടെത്താനാണ് ശ്രമം. ഞായറാഴ്ച രാവിലെ മഴ തിമിര്‍ത്തു പെയ്തത് തിരച്ചിലിനെ ബാധിച്ചിരുന്നു. പിന്നീട് കുറഞ്ഞ മഴ 11.15ഓടെ ശക്തി പ്രാപിച്ചു. ഉരുള്‍പൊട്ടിയ വഴിയിലൂടെ മലവെള്ളം ശക്തിയായി ഒലിച്ചിറങ്ങിയത് ഭീതിയുളവാക്കി. ഇതോടെ എല്ലാവരോടും കരക്ക് കയറാന്‍ നിര്‍ദേശിച്ചു. അര മണിക്കൂറിനു ശേഷം മഴ അടങ്ങിയതോടെ പുനരാരംഭിച്ച തിരച്ചില്‍ ഇരുട്ടുവീഴുന്നതു വരെ തുടര്‍ന്നു.
നഷ്ടപരിഹാര പാക്കേജ് കാബിനറ്റ് തീരുമാനിക്കും
കട്ടിപ്പാറ: കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള നഷ്ടപരിഹാര പാക്കേജ് കാബിനറ്റ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കട്ടിപ്പാറയിൽ ദുരന്തപ്രദേശമായ കരിഞ്ചോലമല സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തെ കുറിച്ചുള്ള പൂർണ കണക്കുകൾ ലഭിച്ചശേഷം നഷ്ടപരിഹാരം തീരുമാനിക്കും. പരിസ്ഥിതിലോല മേഖലയിലെ അനധികൃത നിർമാണം ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ അരികില്‍ തന്നെ
കട്ടിപ്പാറ: കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തിലാക്കുന്നത് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍നിന്നുള്ള സംഘം. ആദ്യം കിട്ടിയ നാല് മൃതദേഹങ്ങള്‍ ഒഴികെയുള്ള മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയത് ദുരന്തസ്ഥലത്തുള്ള വീടിനരികിലാണ്. പോസ്റ്റ്മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു.താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിെൻറ മേല്‍നോട്ടത്തിലാണ് വനിത പൊലീസടങ്ങിയ സംഘം കര്‍മനിരതരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.