കണ്ണൂർ: കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെങ്ങളായിക്ക് നാടിന്റെ വികാരനിർഭരമായ യാത്രാമൊഴി. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സി.എച്ച് സെന്ററിൽ മയ്യിത്ത് പരിപാലനവും നമസ്കാരവും നടന്നു. തുടർന്ന് തളിപ്പറമ്പ് സലഫി മസ്ജിദിലും ചെങ്ങളായി ജുമാമസ്ജിദിലും വീട്ടിലും നടന്ന മയ്യിത്ത് നമസ്കാരങ്ങളിൽ നിരവധി പേർ പങ്കെടുത്തു.
കാക്കയങ്ങാട് നടന്ന വിസ്ഡം ഇരിട്ടി മണ്ഡലം പ്രൊഫൈസ് പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ശ്രീകണ്ഠപുരത്ത് വെച്ച് മുഹമ്മദ് കുഞ്ഞിയെ കാർ ഇടിച്ചുതെറിപ്പിച്ചത്. വാഹനം ഓടിച്ചയാൾ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയയാൾക്കെതിരെ മനഃപൂർവമായ നരഹത്യക്ക് കേസെടുക്കണമെന്ന് വിവിധ കക്ഷി നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി, വൈസ് പ്രസിഡന്റുമാരായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ശരീഫ് എലാങ്കോട്, സെക്രട്ടറിമാരായ നാസർ ബാലുശേരി, മാലിക് സലഫി, കെ. സജ്ജാദ്, ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, സി.പി സലീം, ജാമിഅ അധ്യാപകർ, വിവിധ മത-രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ വീട്ടിലും പള്ളികളിലുമെത്തി അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.