കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാന്‍ നിയമഭേദഗതി

തിരുവനന്തപുരം: കടകളിലും ഹോട്ടല്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭാ തീരുമാനം. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു. സെക്യൂരിറ്റി ഏജന്‍സികള്‍ വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. ഇതിനുവേണ്ടി തൊഴിലാളി എന്ന പദത്തിന്‍റെ നിര്‍വ്വചനം വിപുലപ്പെടുത്തും. 

തൊഴില്‍ സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളില്‍ നിന്നും സംഘടനകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നും ലഭിച്ച പരാതി പരിഗണിച്ച് ഇരിപ്പിടം നല്‍കുന്നതിനുളള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താനും നിശ്ചയിച്ചു. രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഈ അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം. 

സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം. നിലവിലെ നിയമപ്രകാരം രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീകളെ രാത്രിയില്‍ ജോലിക്ക് നിയോഗിക്കാനുളള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നത്. 

ലൈംഗിക പീഡനം തടയാനുളള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. എല്ലാ കടകളിലും തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കണം. സദാ നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇത്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ: 

പുതിയ തസ്തികകള്‍
പുതുതായി ആരംഭിച്ച 14 താലൂക്കുകളിലും ഓരോ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 42 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കും. ഇതിനുപുറമെ ദിവസ വേതന അടിസ്ഥാനത്തില്‍ 42 പേരെ നിയമിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.  

കേരളഗാനം തെരഞ്ഞെടുക്കാന്‍ സമിതി
കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന കേരളഗാനം തെരഞ്ഞെടുക്കുന്നതിന് സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കാന്‍ തീരൂമാനിച്ചു. ഡോ. എം. ലീലാവതി, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം.എം. ബഷീര്‍, ഡോ. എം.ആര്‍, രാഘവവാര്യര്‍, ഡോ. കെ.പി. മോഹനന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് (കണ്‍വീനര്‍) എന്നിവരാണ് കമ്മിറ്റിയിലുളളത്.

ഓഖി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും
ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് (318 പേര്‍) സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു. ഇതിനാവശ്യമായി വരുന്ന തുക അതാത് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കലക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യുന്നതാണ്. 

കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കും
കാലാവധി കഴിയുന്ന നാല് ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കല്‍ സയന്‍സസ് അക്കാദമിയും ഓര്‍ഡിനന്‍സ്, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്‍റെ കീഴിലുളള സര്‍വ്വീസുകള്‍ സംബന്ധിച്ച ചുമതലകള്‍) ഓര്‍ഡിനന്‍സ്, കോഴിക്കോട് സര്‍വ്വകലാശാല സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം ഓര്‍ഡിനന്‍സ്, (2018-ലെ 23, 2018-ലെ 37) എന്നീ ഓര്‍ഡിനന്‍സുകളാണ് വീണ്ടും പുറപ്പെടുവിക്കുന്നത്. കോഴിക്കോട് സര്‍വ്വകലാശാല സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളും സംയോജിപ്പിച്ച് ഒന്നിച്ച് വിളംബരം ചെയ്യുന്നതിനാണ് ശുപാര്‍ശ.  

നിയമനങ്ങള്‍, മാറ്റങ്ങള്‍
ഡോ. ആശ തോമസ് അവധി കഴിഞ്ഞ് തിരിച്ചുവരുന്നതു വരെ തൊഴിലും നൈപുണ്യവും വകുപ്പിന്‍റെ ചുമതല ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസിനായിരിക്കും. നികുതി എക്സൈസ് വകുപ്പിന്‍റെ താല്‍ക്കാലിക ചുമതലയും അവര്‍ വഹിക്കും. 

കാസര്‍കോട് കലക്ടര്‍ ജീവന്‍ ബാബുവിനെ ഇടുക്കി ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ക്ഷീരവികസന വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ എം.സുനില്‍ കുമാറിനെ കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - Law amenment on kerala shops and commercia establishment act-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.