മാർക്ക് ദാന വിവാദം: കോളജ് കെട്ടിടത്തിന് മുകളില്‍ കയറി നിയമ വിദ്യാര്‍ഥികളു​ടെ ആത്മഹത്യാ ഭീഷണി

തൊടുപുഴ: മാർക്ക് ദാനത്തെ ചൊല്ലിയുള്ള തർക്കം കോളജ് കെട്ടിടത്തിന് മുകളില്‍ കയറി നിയമ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണിയിലേക്ക് വഴിമാറി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിലെ വിദ്യാര്‍ഥികളാണ് ആത്മഹത്യാ ഭീഷണി ഉയര്‍ത്തുന്നത്. കോളജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ കോളജിന്‍റെ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുകയാണിപ്പോൾ. കോളജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഭീഷണി. വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു കുട്ടിക്ക് വേണ്ടി കൃത്രിമം കാണിച്ചെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. ഈ വിഷയത്തിൽ ഇന്നലെ കോളജിൽ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സമരത്തിന് നേതൃത്വം നല്‍കിയ ഏഴു പേരെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചത്. പ്രിന്‍സിപ്പൽ രാജിവെക്കുക, സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി തൊടുപുഴ ഡി.വൈ.എസ്.പി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി താഴെ വല വിരിച്ചു നില്‍ക്കുകയാണിപ്പോൾ.

Tags:    
News Summary - Law students threatened by climbing on top of the college building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.