പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഏറെ വിവാദം സൃഷ്ടിച്ച പത്ര പരസ്യത്തിൽ വിചിത്ര വിശദീകരണവുമായി എൽ.ഡി.എഫ്. മുഴുപ്പേജ് പരസ്യത്തിൽ മുകൾ ഭാഗത്തെ പാതി മാത്രമാണ് തങ്ങൾ നൽകിയതെന്നും ബാക്കി ഭാഗം അഭ്യുദയകാംക്ഷി നൽകിയതാണ് എന്നുമാണ് ജില്ലാ മോണിറ്ററിങ് കമ്മിറ്റിക്ക് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് നൗഷാദ് നൽകിയ വിശദീകരണം.
സമസ്ത എ.പി വിഭാഗത്തിന്റെ ‘സിറാജ്’, സമസ്ത ഇ.കെ വിഭാഗത്തിന്റെ ‘സുപ്രഭാതം’ പത്രങ്ങളുടെ മുൻപേജിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരസ്യം ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം നൽകിയത്. പരസ്യത്തിലെ മുകൾഭാഗത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ച് ‘സരിൻ തരംഗം’ എന്ന ഭാഗം മാത്രമാണ് തങ്ങൾ നൽകിയതെന്നും ഇതിന് അനുമതി വാങ്ങിയിരുന്നുവെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെകുറിച്ച് ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം!’ എന്നതടക്കം ഉള്ള പരസ്യത്തിലെ ബാക്കിയുള്ള ഉള്ളടക്കവുമായി സ്ഥാനാർഥിക്ക് ബന്ധമില്ലെന്നും എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് നൽകിയ വശദീകരണത്തിൽ പറയുന്നു. ഇത് ഏതോ അഭ്യുദയകാംക്ഷി നൽകിയതാണെന്നാണ് പാർട്ടി പറയുന്നത്.
ഒറ്റനോട്ടത്തിൽ വാർത്തയെന്ന് തോന്നുംവിധം വിന്യസിച്ച പരസ്യത്തിലെ ഉള്ളടക്കവും അത് പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്ത പത്രങ്ങൾ ഏതൊക്കെയെന്നതും സി.പി.എമ്മിന്റെ ഉള്ളിലിരുപ്പ് വിളിച്ചുപറയുന്നുതായിരുന്നു. കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ സംഘ്പരിവാർ കാലത്തെ തീവ്ര ഹിന്ദുത്വ നിലപാടുകളും ചിത്രവും ചേർത്തുള്ളതാണ് പരസ്യം. വോട്ടെടുപ്പിന്റെ തലേന്ന് സി.പി.എം ഇത്തരമൊന്ന് തയാറാക്കിയത് സന്ദീപിനെ സ്വീകരിച്ച കോൺഗ്രസിനെതിരെ മുസ്ലിം വോട്ടർമാരുടെ വികാരം ഇളക്കിവിടാനാണ്.
അതേസമയം, പരസ്യം അച്ചടിച്ചുവന്നപ്പോൾ സംഭവിച്ചത് മറിച്ചാണ്. മുസ്ലിം വോട്ടിൽ ഭിന്നതയുണ്ടാക്കാനുള്ള നീക്കമാണിതെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഇത് സരിന് തിരച്ചടിയായതായി രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച വർധിച്ച ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു.
സന്ദീപിന്റെ സംഘ്പരിവാർ ബന്ധത്തേക്കാൾ, അതിന്റെ പേരിൽ പ്രകോപനമുണ്ടാക്കി മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കത്തോടുള്ള അമർഷം വ്യാപകമായി ഉയർന്നിരുന്നു. ‘സുപ്രഭാതം’ പരസ്യം തള്ളി സമസ്ത നേതൃത്വം തന്നെ രംഗത്തുവന്നിരുന്നു. സി.പി.എം ആഗ്രഹിച്ചതിന് എതിർദിശയിൽ മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കുന്നതിന് പത്രപരസ്യം സഹായകരമായി. ഷാഫി പറമ്പിലെതിരെ വടകരയിൽ ബൂമറാംഗായ മാറിയ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം പോലെ സന്ദീപിനെതിരായ പരസ്യം പാലക്കാട്ടും തിരിച്ചടിയായതായാണ് പൊതുവെയുള്ള വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.