തൊടുപുഴ: നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പിന്തുണയിൽ സി.പി.എമ്മിന് ജയം. കോൺഗ്രസ് സ്ഥാനാർഥി ദീപകിനെ തോൽപിച്ച് സി.പി.എമ്മിന്റെ സബീന ബിഞ്ചുവാണ് നഗരസഭ ചെയർപഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. സബീനക്ക് 14ഉം ദീപകിന് 10ഉം വോട്ടുകളാണ് ലഭിച്ചത്. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
35 അംഗ കൗൺസിലിൽ യു.ഡി.എഫ് 13, എൽ.ഡി.എഫ് 12, ബി.ജെ.പി 8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിൽനിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന 11ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കിയിരുന്നു.
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ തർക്കമുണ്ടാകുകയും ചർച്ച ഫലം കാണാതിരിക്കുകയും ചെയ്തതോടെ ആദ്യ ഘട്ടത്തിൽ, കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തിയിരുന്നു. പിന്നീട് ലീഗിന്റെ അഞ്ച് കൗൺസിലർമാർ സി.പി.എമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫിന്റെ രണ്ട് കൗൺസിലർമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നപ്പേൾ ഒരു സി.പി.എം കൗൺസിലറുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു.
13 പേരുള്ള യു.ഡി.എഫിൽനിന്ന് ചെയർമാൻ വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അവസാനഘട്ടത്തിൽ കോൺഗ്രസും ലീഗും ചെയർമാൻ സ്ഥാനത്തിനായി തർക്കമുണ്ടാവുകയായിരുന്നു. 16 മാസം മാത്രം കാലാവധിയുള്ളപ്പോൾ കോൺഗ്രസിനും ലീഗിനും എട്ട് മാസം വീതം ചെയർപഴ്സൻ സ്ഥാനം വീതിച്ചു നൽകാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, അവസാനം സമവായ ഫോർമുല പാളുകയായിരുന്നു.
തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം നഗരസഭ പരിസരത്ത് കോൺഗ്രസ്– മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ‘സി.പി.എം ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചാണ് ലീഗ് നേതാക്കൾ നഗരത്തിലൂടെ പ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.